സ്വന്തം ലേഖകന്‍: ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്ന സന്നദ്ധസംഘടനകള്‍ക്ക് ഇനിമുതല്‍ ധനസഹായം ഇല്ലെന്ന് ട്രംപ്, നൂറുകണക്കിന് സംഘടനകള്‍ പ്രതിസന്ധിയിലാകും. ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സന്നദ്ധസംഘടനകള്‍ക്ക് അമേരിക്കന്‍ ഗവണ്‍മെന്റിന്റെ പണം നല്‍കരുതെന്ന ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു.
പ്രചാരണവേളയില്‍ ട്രംപ് ഇതു വാഗ്ദാനം ചെയ്തിരുന്നതാണ്. 1984ല്‍ പ്രസിഡന്റ് റോണള്‍ഡ് റെയ്ഗനാണ് ഇങ്ങനെയൊരു വ്യവസ്ഥ ഏര്‍പ്പെടുത്തിയത്. ബില്‍ ക്ലിന്റണ്‍ അതു മാറ്റി. 2001ല്‍ ജോര്‍ജ് ബുഷ് പുനഃസ്ഥാപിച്ചു. പ്രസിഡന്റ് ഒബാമ 2009ല്‍ ഈ ഉത്തരവ് റദ്ദാക്കിയിരുന്നു. ഏറെ വിമര്‍ശനം വിളിച്ചുവരുത്തിയ നടപടിയായിരുന്നു ഒബാമയുടേത്.
താന്‍ ജീവനുവേണ്ടിയാണു നിലകൊള്ളുന്നതെന്നു തുറന്നുപറയുന്ന ട്രംപ് ഭരണത്തിലേറി നാലാംദിവസം വാക്കു പാലിച്ചു.വിദേശ ധനസഹായത്തിനുള്ള യുഎസ് ഏജന്‍സി(യുഎസ്എയിഡ്)യില്‍നിന്നു പണം പറ്റുന്ന നൂറുകണക്കിന് എന്‍ജിഒകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ ഉത്തരവ് തിരിച്ചടിയാകും.
സുപ്രീം കോടതിയിലേക്കു ഗര്‍ഭഛിദ്ര വിരുദ്ധതയുള്ള ഒരു ജഡ്ജിയെ നോമിനേറ്റു ചെയ്യുമെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്. അതു നടന്നാല്‍ 1973ലെ റോ വഴ്‌സസ് വേഡ് കേസിലെ ഗര്‍ഭഛിദ്രം അനുവദിക്കുന്ന വിധി റദ്ദാക്കാനും വഴിതെളിയും.
അധികാരത്തിലേറി അഞ്ചു ദിവസത്തിനുള്ളില്‍ പ്രചാരണ വേളയിലെ വാഗ്ദാനങ്ങള്‍ ഓരോന്നായി പാലിക്കുകയാണ് ട്രംപ്. നേരത്തെ ഒബാമ ഒപ്പുവച്ച ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പ് വ്യാപാര കരാറില്‍ നിന്ന് യുഎസ് പിന്മാറിയിരുന്നു. ഇതു കൂടാതെ ഉത്തര അമേരിക്കന്‍ സ്വാതന്ത്ര വ്യാപാരസഖ്യമായ നാഫ്റ്റയില്‍ നിന്നും ഉടന്‍ പിന്‍മാറുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല