സ്വന്തം ലേഖകന്‍: കുടിയേറ്റക്കാരെ ‘മൃഗങ്ങള്‍’ എന്ന് വിളിച്ചതിനെ ന്യായീകരിച്ച് പ്രസിഡന്റ് ട്രംപ്. യുഎസില്‍ നിയമവിരുദ്ധമായി കുടിയേറി കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന ചിലരെ പരാമര്‍ശിച്ചു താന്‍ ‘മൃഗങ്ങള്‍’ എന്ന വാക്ക് ഉപയോഗിച്ചതിനെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. എന്തു ഹീനപ്രവൃത്തിയും ചെയ്യാന്‍ മടിയില്ലാത്ത എംഎസ്–13 എന്ന ക്രിമിനല്‍ സംഘത്തെയാണു താന്‍ മൃഗങ്ങളെന്നു വിളിച്ചതെന്നും ഇനിയും അങ്ങനെതന്നെ അവരെ വിളിക്കുമെന്നും ട്രംപ് പറഞ്ഞു.
എണ്‍പതുകളില്‍ യുഎസില്‍ രൂപപ്പെട്ട എംഎസ്–13 എന്ന ക്രിമിനല്‍ സംഘം കാനഡ, മെക്‌സിക്കോ, മധ്യഅമേരിക്ക എന്നിവിടങ്ങളില്‍ വേരുറപ്പിച്ചിട്ടുണ്ട്. അവരില്‍ ഭൂരിപക്ഷവും എല്‍സാല്‍വഡോറില്‍നിന്ന് അനധികൃതമായി യുഎസില്‍ കുടിയേറിയവരാണ്. ഇവരെപ്പറ്റി സംസാരിക്കവെ ട്രംപ് ഉപയോഗിച്ച ഭാഷയെ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ വിമര്‍ശിച്ചിരുന്നു.
മെക്‌സിക്കോയിലെ വിദേശകാര്യമന്ത്രാലയം യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനു പ്രതിഷേധക്കത്തും നല്‍കി. ഈ സാഹചര്യത്തിലാണ് ഇന്നലെ വീണ്ടും ട്രംപ് തന്റെ നിലപാടിനെ ന്യായീകരിച്ചത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സും ട്രംപിന്റെ പദപ്രയോഗം ശരിയാണെന്ന് അഭിപ്രായപ്പെട്ടു. നേരത്തെ പരമാര്‍ശത്തിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ ട്രംപ് രൂക്ഷ വിമര്‍ശനം നേരിട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല