സ്വന്തം ലേഖകന്‍: ഒബാമയുടെ ക്യൂബന്‍ കരാറുകളില്‍ നിന്ന് അമേരിക്ക പിന്മാറി, ക്യൂബയ്‌ക്കെതിരെ വീണ്ടും ഉപരോധങ്ങള്‍ വരുന്നു. ക്യൂബയുമായി ഒബാമ ഭരണകൂടം ഉണ്ടാക്കിയ അടുത്തബന്ധം തുടരില്ലെന്നും ആ രാജ്യവുമായുള്ള യാത്രാവാണിജ്യ ബന്ധങ്ങളില്‍ നിയന്ത്രണം പുനഃസ്ഥാപിക്കുമെന്നും പ്രസിഡന്റ് ട്രംപ് പ്രസ്താവിച്ചു.
അമേരിക്കയില്‍ അഭയം തേടിയ ക്യൂബക്കാര്‍ വെള്ളിയാഴ്ച രാത്രി മയാമിയില്‍ സംഘടിപ്പിച്ച യോഗത്തിലായിരുന്നു പഴയ ക്യൂബന്‍ നയത്തിലേക്കുള്ള തിരിച്ചുപോക്ക് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചത്. ക്യൂബയിലെ കമ്യൂണിസ്റ്റ് അടിച്ചമര്‍ത്തല്‍ അംഗീകരിക്കില്ലെന്നും ക്യൂബയുമായി മുന്‍ ഭരണകൂടം ഒപ്പുവെച്ച ഏകപക്ഷീയമായ ഉടമ്പടി റദ്ദാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ക്യൂബയില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
‘വിമതരെ അടിച്ചമര്‍ത്തുന്നത് ക്യൂബ അവസാനിപ്പിക്കണം. രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കണം, നിരപരാധികളെ തടവിലാക്കുന്നത് അവസാനിപ്പിക്കണം. രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാതന്ത്ര്യത്തിലേക്ക് നിങ്ങള്‍ സ്വയംമാറണം. അമേരിക്കയിലെ ക്യൂബന്‍ അഭയാര്‍ഥികളെ സ്വീകരിക്കണം’ ട്രംപ് ആവശ്യപ്പെട്ടു. ഇതിനുപിന്നാലെ യാത്രാവാണിജ്യ വിലക്ക് പ്രഖ്യാപിക്കുന്ന ആറുപേജ് ഉത്തരവിലും അദ്ദേഹം ഒപ്പിട്ടു.
ഉത്തരവനുസരിച്ച് വിനോദസഞ്ചാരത്തിനായി അമേരിക്കക്കാര്‍ക്ക് ക്യൂബയിലേക്ക് യാത്രചെയ്യാനാവില്ല. വിദ്യാഭ്യാസ ആവശ്യത്തിനായുള്ള യാത്രയ്ക്കുമാത്രമാണ് അനുമതി. ക്യൂബന്‍ സൈന്യം, രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളുമായി വാണിജ്യബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് യു.എസ്.പൗരന്മാര്‍ക്ക് വിലക്കുണ്ട്. ഹവാനയിലും വാഷിങ്ടണിലുമുള്ള രണ്ടു രാജ്യങ്ങളുടെയും എംബസികള്‍ അടയ്ക്കില്ല.
വിമാനകപ്പല്‍ സര്‍വീസുകള്‍ക്കും തത്കാലം വിലക്കില്ല. ക്യൂബയുടെ വിനോദസഞ്ചാര മേഖലയെയായിരിക്കും പുതിയ നയം കാര്യമായി ബാധിക്കുക. ഈ വര്‍ഷം ആദ്യത്തെ അഞ്ചു മാസങ്ങള്‍മാത്രം 2,85,000 അമേരിക്കക്കാര്‍ ക്യൂബ സന്ദര്‍ശിച്ചിട്ടുണ്ട്. ക്യൂബയില്‍ വളര്‍ന്നു വരുന്ന സ്വകാര്യ സ്ഥാപനങ്ങളെയും വിലക്ക് ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം ക്യൂബയുടെ രാഷ്ട്രീയ സംവിധാനത്തെ തകര്‍ക്കാനുള്ള ശ്രമം വിജയിക്കില്ലെന്ന് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് ക്യൂബ വ്യക്തമാക്കി. വിദേശ ശക്തികളുടെ സമ്മര്‍ദത്തിനു വഴങ്ങില്ലെന്നും രാജ്യത്തിന്റെ ഭാഗധേയം ക്യൂബക്കാര്‍ സ്വയം നിശ്ചയിക്കുമെന്നും പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ വ്യക്തമാക്കി. പരസ്?പര താത്പര്യമുള്ള വിഷയങ്ങളില്‍ ചര്‍ച്ച തുടരാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒബാമ കെയര്‍ റദ്ദാക്കല്‍, കാലാവസ്ഥ വ്യതിയാനത്തിനെതിരേ പോരാടാനുള്ള പാരീസ് ഉടമ്പടിയില്‍ നിന്നുമുള്ള പിന്മാറ്റം എന്നിവയ്ക്ക് പുറകെ ക്യൂബന്‍ നയത്തിലും തിരുത്തല്‍ കൊണ്ടുവരികയാണ് ട്രംപ്. അന്‍പത് വര്‍ഷത്തിലധികം ക്യൂബയ്ക്കു മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന വ്യാപാരവാണിജ്യ നിരോധനം മുന്‍ പ്രസിഡന്റ് ബരാക് ഒബാമ മയപ്പെടുത്തിയിരുന്നു.
ക്യൂബയ്ക്ക് മാത്രം പ്രയോജനം കിട്ടുന്ന രീതിയിലായിരുന്നു ഒബാമയുടെ തീരുമാനങ്ങളത്രയുമെന്ന് ട്രംപ് കുറ്റപ്പെടുത്തി. അരനൂറ്റാണ്ട് നീണ്ട അമേരിക്കക്യൂബ ശീതയുദ്ധത്തിന് 2014 ഓടെയാണ് അയവുവന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇടപെടലും ഇതിനു പിന്നിലുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമ ക്യൂബ സന്ദര്‍ശിച്ചതോടെ ബന്ധം കൂടുതല്‍ ദൃഢമാകുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല