1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2017

സ്വന്തം ലേഖകന്‍: ‘അമേരിക്ക ബ്രിട്ടനോടൊപ്പം,’ ലണ്ടന്‍ ഭീകരാക്രമണങ്ങളെ അപലപിച്ച് ട്രംപ്, യൂറോപ്പിലും മുസ്ലീം യാത്രാവിലക്ക് ശക്തമാക്കാന്‍ ആഹ്വാനം. ബ്രിട്ടന് വേണ്ടി ചെയ്യാന്‍ സഹായിക്കുന്ന എല്ലാ സഹായവും യുഎസ് ചെയ്യും. ഞങ്ങള്‍ അവിടെയുണ്ടാകും നിങ്ങള്‍ക്കൊപ്പം, ദൈവം അനുഗ്രഹിക്കട്ടെയെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ഒപ്പം ബ്രിട്ടനിലെ ഭീകരക്രമണങ്ങളെ മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്കിനുള്ള ഉപകരണമാക്കി മാറ്റാനും ട്രംപ് നീക്കം നടത്തുന്നതായാണ് സൂചന. ആക്രമണം നടന്ന്തിനു തൊട്ടുപിന്നാലെ ട്രംപ് ട്വിറ്ററില്‍ കുറിച്ച വാക്കുകളാണ് ഇത് സൂചിപ്പിക്കുന്നത്.

‘നാം കൂടുതല്‍ കുശാഗ്രബുദ്ധിയും ജാഗ്രതയും കടുപ്പമുള്ളവരുമായിരിക്കണം. കോടതി അവകാശങ്ങള്‍ തിരിച്ചുതരണം. സുരക്ഷയ്ക്കു വേണ്ടി കൂടുതല്‍ ശക്തമായ നിലയില്‍ യാത്രാ വിലക്ക് വേണമെന്നും’ ആയിരുന്നു ട്രംപിന്റെ ട്വീറ്റ്. ട്വീറ്റിനെ തുടര്‍ന്ന് രൂക്ഷമായ വിമര്‍ശനമാണ് ട്രംപിനെതിരെ ഉയര്‍ന്നത്. ട്രംപിന്റേത് അവസരവാദമാണ് എന്നായിരുന്നു പ്രധാന വിമര്‍ശനം. ‘വില മനസ്സിലാക്കാനാവാത്ത പദവിയില്‍ വിലകുറഞ്ഞ വേശ്യ കയറിയിരിക്കുന്നു’ എന്നാണ് രാഷ്ട്രീയ നിരീക്ഷകനായ ഡാനിയേല്‍ ട്രെസ്‌നെര്‍ പ്രതികരിച്ചത്. ‘ഓപ്പര്‍ച്യൂണിസ്റ്റ് ഇന്‍ ചീഫ്’ എന്ന പദമാണ് ട്രംപിനെതിരെ പ്രമുഖ മനഃശാസ്ത്ര വിദഗ്ധനും ഭീകരവാദ വിഷയങ്ങളിലെ വിദഗ്ധനുമായ ജോണ്‍ ഹോര്‍ഗന്‍ ഉപയോഗിച്ചത്.

ലണ്ടന്‍ പാലത്തിനും ബോറോ മാര്‍ക്കറ്റിനും സമീപം വഴിയാത്രക്കാര്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 7 പേര്‍ കൊല്ലപ്പെട്ടിരുന്നു. സഞ്ചാരികള്‍ക്കു നേരെ ട്രക്ക് ഓടിച്ചുകയറ്റിയും കത്തികൊണ്ട് കുത്തിയുമായിരുന്നു ആക്രമണം. അക്രമികളെ പോലീസ് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ സംഭവത്തെ കുറിച്ച് ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന ഉടനെയായിരുന്നു ട്രംപിന്റെ ട്വീറ്റുകള്‍. അധികാരത്തില്‍ എത്തിയതിനു പിന്നാലെ ആറ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ട്രംപ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിവാദമായതോടെ ഇത് കോടതി സ്‌റ്റേ ചെയ്തു. എന്നാല്‍ വിലക്ക് പുനഃസ്ഥാപിക്കണമെന്ന് ട്രംപ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.