1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2018

സ്വന്തം ലേഖകന്‍: കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ചയുടെ വേദിയിലോ തിയതിയിലോ മാറ്റമില്ല; ഉറപ്പു നല്‍കി ട്രംപ്. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നുമായുള്ള ചര്‍ച്ച നടക്കുമെന്ന സൂചന നല്‍കി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാര്യങ്ങള്‍ നല്ലരീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും നേരത്തേ തീരുമാനിച്ചിരുന്ന വേദിയിലും തീയതിയിലും മാറ്റമുണ്ടാകില്ലെന്നും ട്രംപ് അറിയിച്ചു. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ശനിയാഴ്ച കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും തമ്മില്‍ നടന്ന അപ്രതീക്ഷിത കൂടിക്കാഴ്ചക്കു പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. ജൂണ്‍ 12ന് സിംഗപ്പൂരിലാണ് കിംട്രംപ് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നത്. ‘ചര്‍ച്ചയിലൂടെ കൊറിയന്‍ ഉപദ്വീപ് ആണവായുധമുക്തമാക്കാന്‍ സാധിക്കുമെങ്കില്‍ അത് ഞങ്ങള്‍ക്കും ഉത്തര കൊറിയക്കും നല്ലതായിരിക്കും.

ദക്ഷിണ കൊറിയ, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളെ സംബന്ധിച്ചും ഗുണകരമാകും അത്. ഒരുപാട് പേര്‍ അതിനായി പ്രവര്‍ത്തിക്കുന്നുണ്ട്,’ ട്രംപ് പറഞ്ഞു. വ്യാഴാഴ്ചയാണ് ഏവരെയും അമ്പരപ്പിച്ച് ഉത്തര കൊറിയയുമായി നടക്കാനിരുന്ന ഉച്ചകോടി റദ്ദാക്കിയതായി ട്രംപ് പ്രഖ്യാപിച്ചത്. ഉത്തര കൊറിയയുടെ ശത്രുതാപരമായ നീക്കങ്ങളാണ് അതിനു കാരണമായി പറഞ്ഞത്. ചര്‍ച്ച ഉപേക്ഷിച്ചതില്‍ നിരാശയുണ്ടെന്ന് ഇരുകൊറിയകളും പ്രതികരിച്ചു.

പിന്നാലെ ട്രംപുമായി ഏതുസമയത്തും ചര്‍ച്ചക്കു സന്നദ്ധമാണെന്ന് ഉത്തര കൊറിയ അറിയിക്കുകയും ചെയ്തു. 24 മണിക്കൂറിനകം നിലപാട് മാറ്റിപ്പറഞ്ഞ ട്രംപ് ചര്‍ച്ച നടക്കാന്‍ സാധ്യതയുണ്ടെന്നറിയിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് ബദ്ധവൈരിയായ കിമ്മിന്റെ കൂടിക്കാഴ്ചക്കുള്ള ക്ഷണം സ്വീകരിച്ച് ട്രംപ് ലോകത്തെ ഞെട്ടിച്ചത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.