സ്വന്തം ലേഖകൻ: ‘ഭ്രാന്തൻ’ ഡൊണാൾഡ് ട്രംപ് വൈറ്റ്ഹൗൽ നിന്ന് പുറത്തുപോകുമ്പോൾ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനെപ്പോലെ തൂക്കിലേറ്റപ്പെടുമെന്ന് ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനിയുടെ പ്രവചനം. ബുധനാഴ്ച ടെഹ്‌റാനിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഹസ്സൻ റൂഹാനി ലോകത്തെ ഞെട്ടിപ്പിക്കുന്ന, വിചിത്രപരമായ അവകാശവാദം ഉന്നയിച്ചത്.
14 വർഷം മുൻപ് ബാഗ്ദാദ് ജയിലിൽ തൂക്കിലേറ്റപ്പെട്ട ഇറാഖ് നേതാവിന് സമാനമായ വിധിയാണ് അമേരിക്കൻ പ്രസിഡന്റിന് നേരിടേണ്ടിവരിക എന്നാണ് അദ്ദേഹം പ്രവചിച്ചത്. ‘ഭ്രാന്തനെ’ തൂക്കിലേറ്റുന്ന ദിവസം ആളുകൾ അന്തിമവിജയമായി ആഘോഷിക്കുമെന്നും റൂഹാനി പറഞ്ഞു. ട്രംപിന്റെ വിധിയും സദ്ദാമിനെ പോലെ തന്നെയായിരിക്കും.
ചരിത്രത്തിൽ രണ്ട് ഭ്രാന്തൻ ജീവികളുണ്ടായിരുന്നു, അവർ ജനങ്ങൾക്ക് നേരെ യുദ്ധം അടിച്ചേൽപ്പിച്ചു. ഒന്ന് സദ്ദാമും മറ്റൊരാൾ ട്രംപും ആണെന്നും റൂഹാനി പറഞ്ഞു. സദ്ദാം സൈനികയുദ്ധം ഏർപ്പെടുത്തി, ട്രംപ് ഞങ്ങളുടെ മേൽ സാമ്പത്തിക യുദ്ധം അടിച്ചേൽപ്പിച്ചു. ഈ സാമ്പത്തിക യുദ്ധത്തെ അതിന്റെ ലക്ഷ്യത്തിലെത്താൻ ഞങ്ങൾ അനുവദിച്ചില്ലെന്നും റൂഹാനി പറഞ്ഞു. 1980 കളിൽ ഇറാനെതിരെ എട്ടുവർഷത്തോളം യുദ്ധം ചെയ്ത വ്യക്തിയാണ് സദ്ദാം ഹുസൈൻ.
ട്രംപിന്റെ ഭരണത്തിലാണ് 2015 ലെ ആണവ കരാറിൽ നിന്ന് അമേരിക്ക പിന്മാറുകയും ഇറാന്റെ തകർന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയെ ലക്ഷ്യമാക്കി ‘പരമാവധി സമ്മർദ്ദ’ നയം അവതരിപ്പിക്കുകയും ചെയ്തത്. കർശനമാക്കിയ ഉപരോധങ്ങൾ കാരണം ഇസ്‌ലാമിക് റിപ്പബ്ലിക്കുമായി ബിസിനസ് നടത്താൻ ആഗ്രഹിച്ച യുഎസ് ഇതര കമ്പനികൾ പോലും പിൻമാറി. ഇത് കാരണം ഇറാന്റെ സമ്പത്തിനെ സാരമായി ബാധിച്ചു. ഫെഡറൽ, സ്റ്റേറ്റ് അധികാരികളുടെയും സ്വകാര്യ പരാതിക്കാരുടെയും സിവിൽ, ക്രിമിനൽ നിയമ നടപടികളെയും ട്രംപ് അഭിമുഖീകരിക്കാൻ സാധ്യതയുണ്ട് എന്നാണ് റൂഹാനി പറഞ്ഞതിന്റെ ചുരുക്കമെന്ന് ഊഹിക്കാം.
അയൽരാജ്യമായ ഇറാഖിലെ യുഎസ് എംബസിക്ക് നേരെ നടന്ന ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് പ്രസിഡന്റ് ട്രംപ് ബുധനാഴ്ച ആരോപിച്ചിരുന്നു. ബാഗ്ദാദിലെ ഞങ്ങളുടെ എംബസിക്കു നേരെ ഞായറാഴ്ച റോക്കറ്റാക്രമണം നടന്നു. എന്നാൽ ഈ ആക്രമണത്തെ യുഎസ് പ്രതിരോധിച്ചെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല