സ്വന്തം ലേഖകൻ: രേഖകളില്ലാത്ത കുടിയേറ്റക്കാതെ അതിവേഗത്തിൽ നാടുകടത്താനുള്ള യുഎസ് പ്രഡിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിനു തിരിച്ചടി. കുടിയേറ്റക്കാരെ അതിവേഗത്തിൽ നാടുകടത്തുന്നതിനു ഫാസ്റ്റ് ട്രാക്ക് ഡീപോർട്ടേഷൻ നിയമങ്ങൾ വിപുലീകരിച്ച ട്രംപ് ഭരണകൂടത്തിന്റെ ശ്രമം ഫെഡറൽ ജഡ്ജി തടഞ്ഞു. ഇമിഗ്രേഷൻ കോടതികൾ ഉപയോഗിക്കാതെ കുടിയേറ്റക്കാരെ നാടുകടത്താനായിരുന്നു ട്രംപിന്റെ ശ്രമം.
“വേഗത്തിലുള്ള നീക്കംചെയ്യൽ (എക്സ്പെഡിറ്റഡ് റിമൂവൽ)’ എന്നറിയപ്പെടുന്ന ഈ നടപടിക്രമം, യുഎസിൽ കടന്നുകയറുന്നവരെ രണ്ടാഴ്ചയ്ക്കുള്ളിൽ നാടുകടത്താനാണ് ഉപയോഗിച്ചിരുന്നത്. അതിർത്തിയിൽ 100 മൈലിനുള്ളിൽ അറസ്റ്റ് ചെയ്യപ്പെടുന്നവരെയാണ് ഇത്തരത്തിൽ നാടുകടത്തുക. ഈ നടപടിയിൽ കുടിയേറ്റക്കാരുടെ വാദം കേൾക്കുകയോ അറ്റോർണിയെ അനുവദിക്കുകയോ ഇല്ല.
ജൂലൈയിൽ, ഭരണകൂടം രേഖപ്പെടുത്താത്ത കുടിയേറ്റക്കാരെയും ഈ നിയമത്തിൽ ഭരണകൂടം ഉൾപ്പെടുത്തി നിയമം വിപുലീകരിച്ചു. യുഎസിൽ തുടർച്ചയായി രണ്ടു വർഷമോ അതിൽ കൂടുതലോ ഉണ്ടായിരുന്നുവെന്നു തെളിയിച്ചിലെങ്കിൽ പുറത്താക്കപ്പെടുന്നതായിരുന്നു നിയമം. രാജ്യത്തിന്റെ ഏതു ഭാഗത്താണ് എന്നതൊന്നും ഈ നിയമഭേദഗതിക്കു ബാധകമായിരുന്നില്ല.
യുഎസ് ജില്ലാ ജഡ്ജി കേതൻജി ബ്രൗണ്‍ ജാക്സണ് പുറത്തിറക്കിയ 126 പേജുള്ള റിപ്പോർട്ടിൽ നയമാറ്റത്തിനു സ്റ്റേയാണു നൽകിയിരിക്കുന്നത്. പ്രധാന ഫെഡറൽ നിയമ മാറ്റങ്ങൾക്ക് ആവശ്യമായ ഒൗദ്യോഗിക നടപടിക്രമങ്ങൾ ഈ നിയമഭേദഗതിയിൽ ലംഘിക്കപ്പെട്ടെന്നും അഭിപ്രായങ്ങൾ നിർദേശിക്കാനോ നോട്ടീസ് കാലയളവോ പോലുള്ള നടപടിക്രമങ്ങൾ പോലും ഭരണകൂടം പാലിച്ചില്ലെന്നും ജഡ്ജി ഉത്തരവിൽ പറയുന്നു.
അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ, അമേരിക്കൻ ഇമിഗ്രേഷൻ കൗണ്‍സിൽ, സിംപ്സണ് താച്ചർ & ബാർലറ്റ് എൽഎൽപി എന്നിവരാണ് നിയമത്തിനെതിരേ കോടതിയെ സമീപിച്ചത്. വിധിയുടെ അടിസ്ഥാനത്തിൽ, കോടതി നടപടികൾ പൂർത്തിയാക്കുന്നതുവരെ എക്സ്പെഡിറ്റഡ് റിമൂവൽ നടപടികളിൽനിന്നു ഭരണകൂടത്തിനു പിൻമാറേണ്ടിവരുമെന്നാണു റിപ്പോർട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല