സ്വന്തം ലേഖകന്‍: യുഎസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ പുറത്ത്; കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുത്തന്‍ ടീമുമായി ട്രംപ്. വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനെ പുറത്താക്കിയ ട്രംപ് പകരം സിഐഎ ഡയറക്ടര്‍ മൈക്ക് പോംപിയെ ആ സ്ഥാനത്തു നിയമിച്ചു.
പോംപിയുടെ സ്ഥാനത്ത് ഇനി ജീന ഹാസ്‌പെലായിരിക്കും സിഐഎയെ നയിക്കുക. അമേരിക്കന്‍ ചാരസംഘടനയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയായും അതോടെ ജീന മാറും. നിലവില്‍ സിഐഎ ഡപ്യൂട്ടി ഡയറക്ടറാണു ജീന. ഏറെ നാള്‍ നീണ്ട ശീതസമരത്തിന് ഒടുവിലാണു തന്റെ പ്രധാന വിമര്‍ശകരിലൊരാളായ ടില്ലേഴ്‌സനെ ഡോണള്‍ഡ് ട്രംപ് പുറത്താക്കുന്നത്.
ഇതു സംബന്ധിച്ചുള്ള ട്വീറ്റും ട്രംപിന്റേതായി പുറത്തുവന്നു. ടില്ലേഴ്‌സനു ട്വിറ്ററില്‍ നന്ദി പറഞ്ഞ ട്രംപ് വരാനിരിക്കുന്ന സ്റ്റേറ്റ് സെക്രട്ടറി മികച്ച പ്രകടനമായിരിക്കും കാഴ്ചവയ്ക്കുകയെന്നും വ്യക്തമാക്കി. ഒരു വര്‍ഷം മുമ്പ് എക്‌സോണ്‍ മോബില്‍ കമ്പനിയുടെ തലപ്പത്തു നിന്നാണ് ടില്ലേഴ്‌സന്‍ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തെത്തുന്നത്.
ഇംഗ്ലണ്ടിന്റെ മുന്‍ റഷ്യന്‍ ചാരനും മകള്‍ക്കും വിഷപ്രയോഗമേറ്റ സംഭവത്തില്‍ റഷ്യയെ കഴിഞ്ഞ ദിവസം കനത്ത ഭാഷയില്‍ ടില്ലേഴ്‌സന്‍ വിമര്‍ശിച്ചിരുന്നു. തുടര്‍ന്നു പ്രശ്‌നത്തില്‍ വൈറ്റ് ഹൗസ് ഇടപെട്ടാണു റഷ്യയ്‌ക്കെതിരെയുള്ള പ്രസ്താവനകള്‍ വിലക്കിയത്. അതേസമയം ട്രംപിനോട് ഏറെ വിധേയത്വം പുലര്‍ത്തുന്ന വ്യക്തിയാണ് മൈക്ക് പോംപി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല