സ്വന്തം ലേഖകന്‍: കാനഡ പ്രധാനമന്ത്രി ട്രൂഡോ ചതിയയെന്ന് ട്രംപ്; യുഎസ് നികുതിനയങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടിയെന്ന് കാനഡ പ്രധാനമന്ത്രി ട്രൂഡോ; ജി 7 രാജ്യങ്ങള്‍ക്കിടയില്‍ പൊട്ടിത്തെറി. ഇറക്കുമതി തീരുവ സംബന്ധിച്ച ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ തിരശീലവീണ ജി–7 ഉച്ചകോടിക്കു പിന്നാലെ, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സഖ്യരാജ്യങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. യുഎസ് തീരുവകള്‍ക്ക് ജൂലൈ ഒന്നു മുതല്‍ അതേ നാണയത്തില്‍ മറുപടി നല്‍കുമെന്നായിരുന്നു ട്രൂഡോയുടെ പ്രതികരണം.
കാനഡയില്‍ നിന്നുള്ള ഉരുക്കിനും അലുമിനിയത്തിനും യുഎസ് തീരുവ ചുമത്തിയതിനെ വിമര്‍ശിച്ച പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വിശ്വാസവഞ്ചകനാണെന്നാണു സിംഗപ്പുരിലെത്തിയയുടന്‍ ട്രംപ് ട്വീറ്റ് ചെയ്തത്. വ്യക്തിപരമായ അധിക്ഷേപത്തില്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. കാനഡയില്‍ നടന്ന ജി– 7 സമ്മേളനത്തിന്റെ കാര്യപരിപാടികള്‍ അവസാനിക്കാന്‍ കാത്തുനില്‍ക്കാതെ ട്രംപ് ഉത്തര കൊറിയയുമായുള്ള ഉച്ചകോടിക്കായി സിംഗപ്പുരിലേക്കു പുറപ്പെട്ടതും ശ്രദ്ധേയമായി.
ജി 7 സമ്മേളനത്തിനു ശേഷം പുറത്തിറക്കാനിരുന്ന സംയുക്ത പ്രസ്താവനയില്‍ നിന്നു യുഎസ് പിന്മാറുന്നതായി പിന്നീട് അറിയിക്കുകയും ചെയ്തു. വ്യാപാര ബന്ധമാണെങ്കില്‍ ഇരുഭാഗത്തേക്കും വേണമെന്നും മറ്റുള്ളവര്‍ക്കു ലാഭമുണ്ടാക്കാന്‍ യുഎസ് നിന്നുകൊടുക്കില്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ജര്‍മനി ഉള്‍പ്പെടെ രാജ്യങ്ങള്‍ നല്‍കുന്ന വിഹിതത്തിലും കൂടുതലാണ് നാറ്റോ ഫണ്ടിലേക്ക് അമേരിക്ക ചെലവഴിക്കുന്നതെന്നും അങ്ങനെ സംരക്ഷണം കിട്ടുന്ന രാജ്യങ്ങള്‍ അമേരിക്കയെ പിച്ചിച്ചീന്തുകയാണെന്നും ട്രംപ് ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല