സ്വന്തം ലേഖകന്‍: ട്രംപിന്റെ അമേരിക്കയില്‍ 5000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കാര്‍ നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ്, ജര്‍മ്മന്‍ കാര്‍ കമ്പനികള്‍ക്കെതിരെ ട്രംപിന്റെ ആക്രമണം. വരും വര്‍ഷങ്ങളില്‍ നൂറു കോടി യുഎസ് ഡോളര്‍ കമ്പനി ചെലവഴിച്ച് യുഎസില്‍ 5,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ജനറല്‍ മോട്ടോഴ്‌സ് അറിയിച്ചു. പുതിയ സാങ്കേതിക വിദ്യകള്‍ കണ്ടുപിടിക്കുന്നതിനും പുതിയ വാഹനങ്ങള്‍ നിര്‍മിക്കുന്നതിനുമാണു പണം ചെലവഴിക്കുന്നത്. കഴിഞ്ഞ വര്‍ഷം 290 കോടി യുഎസ് ഡോളറിന്റെ നിക്ഷേപമാണു കമ്പനി നടത്തിയത്.
ജനറല്‍ മോട്ടോഴ്‌സിനു പുറമെ ആമസോണ്‍, ഫോര്‍ഡ്, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികളും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അറിയിച്ചു. അതേസമയം അമേരിക്കക്കാര്‍ ധാരാളം ജര്‍മന്‍ കാറുകള്‍ വാങ്ങുന്നുണ്ടെങ്കിലും ജര്‍മന്‍കാര്‍ ആ സ്‌നേഹം തിരിച്ചുനല്‍കുന്നില്ലെന്ന് ട്രംപ് ജര്‍മ്മന്‍ കാര്‍ കമ്പനികളെ വിമര്‍ശിച്ചു.
ജര്‍മന്‍ കമ്പനികള്‍ മെക്‌സിക്കോയില്‍ കാര്‍ നിര്‍മിച്ച് യുഎസില്‍ വില്‍ക്കുന്നതിനെതിരേയാണ് ട്രംപിന്റെ ആക്രമണം. ഇത്തരത്തില്‍ കാര്‍ വില്‍ക്കണമെങ്കില്‍ 35 ശതമാനം ഇറക്കുമതി നികുതി നല്‍കണമെന്നാണ് ട്രംപിന്റെ വാദം. ബിഎംഡബ്ല്യു, മെഴ്‌സിഡസ് ബെന്‍സ്, ഫോക്‌സ്വാഗന്‍ തുടങ്ങിയ കമ്പനികളെ ഉദ്ദേശിച്ചായിരുന്നു ട്രംപിന്റെ പരാമര്‍ശങ്ങള്‍.
ജര്‍മന്‍ കാര്‍ കമ്പനികള്‍ക്കെതിരായ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണികള്‍ ജര്‍മന്‍ വൈസ് ചാന്‍സലര്‍ തള്ളി. നികുതികള്‍ ചുമത്താനുള്ള ട്രംപിന്റെ നീക്കം അമേരിക്കന്‍ വാഹന വിപണിക്കു തിരിച്ചടിയാകുമെന്നും വാഹനങ്ങള്‍ക്കു വില വര്‍ധിക്കുമെന്നും ജര്‍മന്‍ വൈസ് ചാന്‍സലറും ധനകാര്യ മന്ത്രിയുമായ സിഗ്മര്‍ ഗബ്രിയേല്‍ ചൂണ്ടിക്കാട്ടി. അമേരിക്ക മികച്ച കാറുകള്‍ നിര്‍മിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം മറുപടി നല്‍കി.
ട്രംപിനെ നേരിടണമെങ്കില്‍ കൂടുതല്‍ ആത്മവിശ്വാസം വേണമെങ്കിലും തങ്ങള്‍ അക്കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്നും സിഗ്മര്‍ ഗബ്രിയേല്‍ വ്യക്തമാക്കി. നേരത്തെ, ജര്‍മനിയുടെ കുടിയേറ്റ നയത്തിനെതിരേയും ട്രംപ് രംഗത്തെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല