സ്വന്തം ലേഖകന്‍: ഉത്തര കൊറിയയുമായി വലിയ ഏറ്റുമുട്ടലിന് സാധ്യതയെന്ന് ട്രംപ്, പ്രശ്നം കൈകാര്യം ചെയ്തതിന് ചൈനീസ് പ്രസിഡന്റിന് അഭിനന്ദനം. ശനിയാഴ്ച പ്രസിഡന്റു കസേരയില്‍ 100 ദിവസം തികയ്ക്കുന്ന ട്രംപ്, വ്യാഴാഴ്ച റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തര കൊറിയ അണ്വായുധ, മിസൈല്‍ പരിപാടികളുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ ‘വലിയ, വലിയ ഏറ്റുമുട്ടലി’ന് സാധ്യതയുണ്ടെന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.
കൊറിയന്‍ മുനമ്പിലെ സ്ഥിതി വഷളാകാനോ നിയന്ത്രണാതീതമാകാനോ ഇടയുണ്ടെന്ന് ചൈന മുന്നറിയിപ്പ് നല്കി. ഉത്തരകൊറിയയും, അമേരിക്കയും തമ്മില്‍ തുടര്‍ച്ചയായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിക്കുമോ എന്ന ഭയം ലോകരാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുമ്പോഴാണ് അമേരിക്കയുടെ ഈ മുന്നറിയിപ്പ്. നയതന്ത്രപരമായും, സമാധാന പരമായും വിഷയം പരിഹരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കയിലെ മുന്‍കാല പ്രസിഡന്റുമാര്‍ ഉത്തരകൊറിയ വിഷയം കൈകാര്യം ചെയ്തതില്‍ അപാകതയുണ്ടായിരുന്നെന്നും, താന്‍ ഒരിക്കലും അത്തരം നടപടികള്‍ തുടരില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തര കൊറിയ വിഷയത്തില്‍ നടപടികളെടുക്കാന്‍ മുന്‍കൈയ്യെടുക്കുന്ന ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ ‘നല്ല മനുഷ്യന്’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
കൂടുതല്‍ ആണവപരീക്ഷണങ്ങള്‍ നടത്തരുതെന്ന് ഉത്തരകൊറിയയോട് നിര്‍ദേശിക്കാന്‍ യു.എസ്. വിദേശകാര്യ സെക്രട്ടറി റെക്സ് ടിലേഴ്സണ്‍ ചൈനയോടാവശ്യപ്പെട്ടു. അമേരിക്കയുടെ വിമാന വാഹിനിയായ യു.എസ്.എസ്. കാള്‍ വിന്‍സന്‍ കൊറിയന്‍ മുനമ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മുങ്ങിക്കപ്പല്‍ യു.എസ്.എസ്. മിഷിഗന്‍ ദക്ഷിണ കൊറിയന്‍ തീരത്ത് നങ്കൂരമിട്ടിട്ടുണ്ട്. മറുപടിയെന്നോണം ഉത്തര കൊറിയ ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ പ്രകടനം കഴിഞ്ഞ ദിവസം നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല