സ്വന്തം ലേഖകൻ: രേഖകളില്ലാതെ രാജ്യത്തേക്ക് കടക്കുന്ന കുടിയേറ്റക്കാർ യുഎസിന്റെ രക്തത്തിൽ വിഷം കലർത്തുന്നുവെന്ന് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂ ഹാംഷെയറിൽ നടന്ന പ്രചാരണ പരിപാടിക്കിടെയായിരുന്നു ട്രംപിന്റെ വിവാദ പരാമർശം. നേരത്തെയും ഇത്തരം വിദ്വേഷ പ്രസ്താവനകളുടെ പേരിൽ ട്രംപിനെതിരെ ആരോപണങ്ങളുയർന്നിരുന്നു.
യുഎസ്-മെക്സികോ അതിർത്തിയിലെ കുടിയേറ്റത്തിന് എതിരെയായിരുന്നു ട്രംപിന്റെ പരാമർശം. അവർ നമ്മുടെ രാജ്യത്തിന്റെ രക്തത്തിൽ വിഷം കലർത്തുന്നു. തെക്കൻ അമേരിക്കയിൽ നിന്നും ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നും രാജ്യത്തേക്ക് കുടിയേറ്റക്കാരെത്തുന്നു. ലോകത്തെ വിവിധ പ്രദേശങ്ങളിൽ നിന്ന് ആളുകൾ യുഎസിലേക്ക് ഒഴുകുന്നു. രണ്ടാംതവണ അധികാരത്തിലേറിയാൽ അനധികൃത കുടിയേറ്റം തടയുമെന്നും നിയമപരമായി കുടിയേറ്റങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം വാഗ്ദാനംചെയ്തു.
കഴിഞ്ഞ ഒക്ടോബറിലും ട്രംപ് ഇതേ വാചകം ഉപയോഗിച്ച് കുടിയേറ്റക്കാരെ അധിക്ഷേപിച്ചിരുന്നു. തനിക്ക് താത്പര്യമില്ലാത്ത അമേരിക്കൻ വിഭാഗത്തെ കീടങ്ങളെന്ന് ട്രംപ് വിളിച്ചതും ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പിന്നാലെ, ട്രംപിന്റെ പരാമർശത്തെ പ്രസിഡന്റ് ജോ ബെെഡൻ അപലപിച്ചു. നാസി ജർമനിയിൽ കേൾക്കുന്ന ഭാഷയാണ് അദ്ദേഹം ഉപയോഗിക്കുന്നതെന്നും ബെെഡൻ കുറ്റപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല