സ്വന്തം ലേഖകന്‍: ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്കെതിരെ ആഞ്ഞടിച്ച് ട്രംപ്, പുതിയ ഉപരോധം ഏര്‍പ്പെടുത്തി. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്ക് തടയിടുന്നതിനൊപ്പം ഇസ്രായേലിനും പശ്ചിമേഷ്യയുടെ സ്ഥിരതക്കും ഭീഷണിയായ ഹിസ്ബുല്ല, ഹമാസ്, ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദ് എന്നീ സംഘടനകള്‍ക്കും മിസൈല്‍ പദ്ധതിക്കും സഹായം നല്‍കുന്ന 18 വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് ഉപരോധമെന്ന് അമേരിക്ക വ്യക്തമാക്കി.
രണ്ടു വര്‍ഷം മുമ്പ് അമേരിക്കയും സഖ്യ കക്ഷികളുമായി ഒപ്പുവെച്ച ആണവ കരാറിലെ വ്യവസ്ഥകള്‍ ഇറാന്‍ പാലിക്കുന്നുണ്ടെന്ന് അമേരിക്കന്‍ കോണ്‍ഗ്രസില്‍ അറിയിച്ചതിന് പിന്നാലെയാണ് ട്രംപ് ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തിയത്. ലോക സമാധാനത്തിന് ഭീഷണിയാകുന്ന ഇറാന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് ഉപരോധം പ്രഖ്യാപിച്ചുകൊണ്ട് യുഎസ് വിദേശകാര്യ വകുപ്പ് ആരോപിച്ചു. ഹിസ്ബുല്ല, ഹമാസ്, ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദ് എന്നീ സംഘടനകളെ ഇറാന്‍ സഹായിക്കുന്നതായും വിദേശകാര്യ വക്താവ് ആരോപിച്ചു.
ഇത് ഇസ്രായേലിന്റെയും പശ്ചിമേഷ്യയുടെയും സ്ഥിരതക്ക് കടുത്ത ഭീഷണിയാണെന്ന് വക്താവ് വ്യക്തമാക്കി. എന്നാല്‍, അമേരിക്കന്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച ഇറാന്‍ നടപടി അസംബന്ധമാണെന്നും പകരമായി ഇറാന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ പൗരന്മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തുമെന്നും വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല