സ്വന്തം ലേഖകന്‍: ട്രംപിന്റെ മുസ്ലീം വിരുദ്ധ ട്വീറ്റുകള്‍ വിവാദമാകുന്നു, ഇത് വംശീയതയെന്ന് സമൂഹ മാധ്യമങ്ങള്‍. തീവ്ര വലതു സംഘടനയായ ബ്രിട്ടണ്‍ ഫസ്റ്റ് ഡപ്യൂട്ടി ലീഡര്‍ ജയ്ദ ഫ്രാന്‍സണിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്താണ് ട്രംപ് വിവാദത്തില്‍ കുടുങ്ങിയത്. ഫ്രാന്‍സണിന്റെ മൂന്നു മുസ്‌ലിം വിരുദ്ധ ട്വീറ്റുകളാണ് ട്രംപ് റീ ട്വീറ്റ് ചെയ്തത്.
മുസ്‌ലിം അഭയാര്‍ഥി ഡച്ചുകാരനായ കുട്ടിയെ ക്രച്ചസില്‍നിന്നും വീഴ്ത്തിയ ശേഷം മര്‍ദിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു ഫ്രാന്‍സണിന്റെ ആദ്യ ട്വീറ്റ്. എന്നാല്‍ ഇത് വ്യാജ വീഡിയോയാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട അക്രമി അഭയാര്‍ഥി അല്ലെന്നായിരുന്നു ഡച്ച് അധികൃതരുടെ വിശദീകരണം.
വിശുദ്ധ മറിയത്തിന്റെ രൂപം തകര്‍ക്കുന്നതിന്റെ വീഡിയോയാണ് ട്രംപ് രണ്ടാമത് റീ ട്വീറ്റ് ചെയ്തത്. 2013 ല്‍ യുടൂബില്‍ അപോലോഡ് ചെയ്യപ്പെട്ട വീഡിയോയാണിത്. ഇതേ കാലത്ത് ഈജിപ്തില്‍ കലാപത്തിനിടയാക്കിയ സംഭവമാണ് മൂന്നാമത്തെ ട്വീറ്റ്. അലക്‌സാന്‍ഡ്രിയയില്‍ ഒരു കെട്ടിടത്തില്‍നിന്നും ഒരു കുട്ടിയെ തള്ളിയിട്ടു കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്.
എന്നാല്‍ കുറ്റക്കാരനെ 2015 ല്‍ ഈജിപ്ത് വധശിക്ഷയ്ക്കു വിധേയനാക്കിയിരുന്നു. ട്രംപിന്റെ മുസ്‌ലിം വിരുദ്ധ ട്വീറ്റുകള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉണ്ടായത്. സംഭവത്തില്‍ ട്രംപ് മാപ്പ് പറയണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ഇത്തരത്തല്‍ പ്രവര്‍ത്തിച്ചത് തെറ്റാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ ഔദ്യോഗിക വക്താവ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല