1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2017

സ്വന്തം ലേഖകന്‍: ട്രംപ് ദക്ഷിണ കൊറിയയില്‍, ഉത്തര കൊറിയ ലോകത്തിനു ഭീഷണിയെന്നും കിം ജോംഗ് ഉന്നിനെ എന്തു ചെയ്യണമെന്ന് ദക്ഷിണ കൊറിയയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പ്രഖ്യാപനം. ഉത്തരകൊറിയ ലോകത്തിനുതന്നെ ഭീഷണിയാണെന്നും അവരെ നേരിടാന്‍ ആഗോളതലത്തില്‍ ശ്രമമുണ്ടാവണമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തു. പ്യോഗ്യാംഗിന്റെ ആണവമോഹത്തിനു തടയിടാന്‍ യുഎസിന്റെ മുഴുവന്‍ സൈനികശക്തിയും പ്രയോഗിക്കാന്‍ താന്‍ ഒരുക്കമാണെന്നും ജപ്പാന്‍ പര്യടനത്തിനുശേഷം ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിനു സിയൂളില്‍ എത്തിയ ട്രംപ് പറഞ്ഞു.

ഉത്തര കൊറിയയുമായി ചര്‍ച്ചയ്ക്കുള്ള സമയം കഴിഞ്ഞെന്നും ഇനി നടപടിയാണു വേണ്ടതെന്നും ജപ്പാനില്‍ പറഞ്ഞ ട്രംപ് ഇന്നലെ അല്പംകൂടി മയമുള്ള സമീപനമാണു സ്വീകരിച്ചത്. ഉത്തര കൊറിയന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അവസാനം അതു വിജയിക്കുമെന്നാണു കരുതുന്നതെന്നും സിയൂളില്‍ ട്രംപ് പറഞ്ഞു. ഉത്തര കൊറിയയെ നിരായുധീകരിക്കുന്നതില്‍ വലിയ പങ്കു വഹിക്കാന്‍ ചൈനയ്ക്കു ശേഷിയുണ്ട്. ഇക്കാര്യത്തില്‍ സഹകരിക്കാമെന്നു ചൈന വാഗ്ദാനം ചെയ്തിട്ടുമുണ്ട്. റഷ്യയുടെ സഹായവും കിട്ടുമെന്നാണു പ്രതീക്ഷയെന്നും പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ നല്‍കിയ വിരുന്നു സത്കാരവേളയില്‍ ട്രംപ് പറഞ്ഞു.

അമേരിക്കയില്‍ നിന്നു കോടിക്കണക്കിനു ഡോളറിന്റെ ആയുധം വാങ്ങാമെന്നു ദക്ഷിണ കൊറിയ സമ്മതിച്ചെന്നു മൂണ്‍ ജേ ഇന്നുമായുള്ള ചര്‍ച്ചയ്ക്കുശേഷം ട്രംപ് പറഞ്ഞു. വിമാനങ്ങളും മിസൈലുകളും ഉള്‍പ്പെടെയുള്ളവ യുഎസ് നല്‍കും. ആയുധ കച്ചവടത്തിന്റെ കാര്യം പ്രസിഡന്റ് മൂണ്‍ സ്ഥിരീകരിച്ചു. ദക്ഷിണ കൊറിയയുടെ സുരക്ഷയ്ക്ക് ഇത് ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സിയൂളില്‍നിന്നു ട്രംപ് ചൈനയിലേക്കു പോകും. പ്രസിഡന്റ് ഷി ചിന്‍പിംഗുമായുള്ള ചര്‍ച്ചയിലും ഉത്തര കൊറിയ മുഖ്യ വിഷയമാവുമെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.