സ്വന്തം ലേഖകന്‍: പരസ്പരം പോര്‍വിളികളുമായി ഇറാനും യുഎസും; ഇരു രാജ്യങ്ങളും യുദ്ധത്തിന്റെ വക്കിലെന്ന് നിരീക്ഷകര്‍. ഇറാനെതിരായ ഭീഷണികള്‍ക്ക് അമേരിക്ക വലിയ വിലകൊടുക്കേണ്ടി വരുമെന്ന പ്രസിഡന്റ് റുഹാനിയുടെ മുന്നറിയിപ്പിന്, ‘തെറ്റായ എന്തെങ്കിലും നടപടി ഇറാന്റെ ഭാഗത്തുനിന്നുണ്ടായാല്‍ ചരിത്രത്തില്‍ ഇതുവരെ വളരെക്കുറച്ചുപേര്‍ മാത്രം അനുഭവിച്ച പ്രത്യാഘാതങ്ങള്‍ കാണേണ്ടി വരും’ എന്നു ഡോണള്‍ഡ് ട്രംപ് തിരിച്ചടിച്ചു.
സിംഹത്തിന്റെ വാലില്‍പ്പിടിച്ചു കളിക്കരുതെന്ന് യുഎസിനെ ഭീഷണിപ്പെടുത്തിയ റൂഹാനി, ‘ഇറാനുമായുള്ള സമാധാനം എല്ലാ സമാധാനങ്ങളുടെയും മാതാവാണ്, ഇറാനുമായുള്ള യുദ്ധം എല്ലാ യുദ്ധങ്ങളുടെയും മാതാവാണ്. അമേരിക്ക ഇതു തിരിച്ചറിയണം’ എന്നും വെല്ലുവിളിച്ചിരുന്നു. ഇതിനു മറുപടിയായാണു റൂഹാനിയുടെ പേരെടുത്തു പറഞ്ഞ് ട്രംപും ഭീഷണി മുഴക്കിയത്. ‘നിങ്ങള്‍ പറയുന്നതു കേട്ടു കയ്യുംകെട്ടിയിരിക്കുന്ന രാജ്യമല്ല യുഎസ്, കരുതിയിരുന്നോളൂ,’ട്രംപ് പറഞ്ഞു.
ട്രംപും ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയും തമ്മിലുള്ള പോര് ഇരുരാജ്യങ്ങളെയും യുദ്ധത്തിന്റെ വക്കിലെത്തിച്ചതായി ലെബനീസ് രാഷ്ട്രീയവിദഗ്ധന്‍ കാമെല്‍ വാസ്‌നെ പറഞ്ഞു. ഇറാന്‍ ആണവക്കരാറില്‍നിന്ന് യു.എസ്. പിന്മാറി, ഇറാനുമേല്‍ വീണ്ടും ഉപരോധമേര്‍പ്പെടുത്തിയതോടെ ഇറാന് ഇനി യു.എസിനെ വിശ്വസിക്കാനാവില്ല.
‘ഇറാന്റെ സാമ്പത്തിക അടിത്തറ അവരുടെ എണ്ണക്കയറ്റുമതിയാണ്. ഇതു സംരക്ഷിക്കാനായി എല്ലാ മാര്‍ഗങ്ങളും പരിഗണിക്കുന്ന ഇറാന്‍ സ്വാഭാവികമായും യുദ്ധത്തിലേക്ക് പോകാനും തയ്യാറാകും. യുദ്ധമുണ്ടായാല്‍ യു.എസ്. അതിന് വലിയവില നല്‍കേണ്ടിവരുമെന്ന് ഇറാന്‍ വ്യക്തമാക്കിക്കഴിഞ്ഞു,’ വാസ്‌നെ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല