സ്വന്തം ലേഖകൻ: ഐക്യരാഷ്ട്ര സഭയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് വ്യക്തമാക്കി ഇറാന്. ഇറാനുമായി കൂടിക്കാഴ്ചക്കുള്ള സാധ്യത വൈറ്റ് ഹൌസ് തള്ളിയതോടെയാണ് തങ്ങളും കൂടിക്കാഴ്ചക്കില്ലെന്ന് ഇറാന് നിലപാട് അറിയിച്ചത്. അമേരിക്കയുമായി ഒരു ചര്‍ച്ചക്കുമില്ലെന്നാണ് ഇറാന് വ്യക്തമാക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ യുഎന്നില്‍ ഇരു രാഷ്ട്രത്തലവന്മാരും കൂടിക്കാഴ്ച നടത്തില്ലെന്ന് കൂടിയാണ് ഇറാന് വിദേശകാര്യ വക്താവിന്റെ പ്രതികരണം.
2015ലെ കരാര്‍ പ്രകാരം പിന്‍വലിച്ച ഉപരോധം അമേരിക്ക വീണ്ടും ഇറാന് മേല്‍ ചുമത്തിയതാണ് ഇറാനെ പ്രകോപിപ്പിച്ചത്. കരാറിന് കീഴില്‍ വരുന്ന ഫ്രാന്‍സ്, ബ്രിട്ടണ്, ജെര്‍മനി തുടങ്ങിയ രാഷ്ട്രങ്ങളെയും വിദേശകാര്യ വക്താവ് സയ്യിദ് അബ്ബാസ് മൌസാവി വിമര്‍ശിച്ചു. ഈ രാഷ്ട്രങ്ങള്‍ക്ക് അവരുടെ ഉത്തരവാദിത്തം നിറവേറ്റാന്‍ കഴിഞ്ഞില്ലെന്നാണ് വിമര്‍ശനം. അതിന് പുറമെ സൌദി അരാംകോ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന അമേരിക്കന്‍ വാദത്തെ ഇറാന് തള്ളി. വാദം അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു.
സൗദിയിലെ എണ്ണ പ്ലാന്റുകൾക്കു നേരെ ഹൂതികൾ നടത്തിയ ആക്രമണത്തോട് യുഎസ് സൈനികമായി പ്രതികരിച്ചേക്കുമെന്നു സൂചന നൽകി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് സംവിധാനങ്ങൾ സർവ സജ്ജമാണെന്നും ആക്രമണത്തിന്റെ ഉത്തരവാദിത്തം ആർക്കാണെന്ന സൗദിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. യെമനിലെ ഹൂതികൾ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെങ്കിലും പ്രധാന ഉത്തരവാദിത്തം ഇറാനു തന്നെയാണെന്ന നിലപാടിലാണ് യുഎസ്.
എന്നാൽ, ഇറാൻ ആരോപണം നിഷേധിക്കുകയാണ്. ഈ മേഖലയിലുള്ള യുഎസ് സൈനികത്താവളങ്ങൾ തങ്ങളുടെ മിസൈൽ പരിധിയിലാണെന്നും തങ്ങൾ പൂർണയുദ്ധത്തിനു സജ്ജരാണെന്നും ഇറാൻ മുന്നറിയിപ്പു നൽകി. ആക്രമണം നടത്തിയത് ആരാണെന്ന കാര്യത്തിൽ പൂർണ വിവരം കിട്ടാതെ എടുത്തുചാടരുതെന്നും നിയന്ത്രണം പാലിക്കണമെന്നും റഷ്യയും ചൈനയും യുഎസിനോട് ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല