സ്വന്തം ലേഖകന്‍: ഇറാന്റെ ആക്രമണം നേരിടാന്‍ അമേരിക്ക സൈനികരെ അയക്കുന്നെന്ന വാര്‍ത്ത നിഷേധിച്ച് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇത്തരം വാര്‍ത്തകളുടെ ഉറവിടത്തെ ചോദ്യം ചെയ്യുന്ന ട്രംപ് ഇത് അസംബന്ധമാണെന്നും വിമര്‍ശിച്ചു. ഇറാനുമായി ട്രംപ് യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ സംഭവം. അമേരിക്ക ഇറാന്‍ സംഘര്‍ഷാവസ്ഥ അതിരൂക്ഷമായി തുടരുകയാണ്. ഇറാനില്‍ നിന്നും ആക്രമണം ഉണ്ടായാല്‍ പ്രത്യാക്രമണത്തിനായി അമേരിക്ക ഒരുങ്ങിയെന്ന് കഴിഞ്ഞ ദിവസം അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഒരു ലക്ഷത്തി ഇരുപതിനായിരം സൈനികരെ പശ്ചിമേഷ്യയിലേക്ക് അയക്കാന്‍ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ധാരണയായെന്നും വാര്‍ത്ത വന്നു. ഈ വാര്‍ത്തയോടുള്ള ഡൊണള്‍ഡ് ട്രംപിന്റെ പ്രതികരണം. തീര്‍ത്തും അസംബന്ധം എന്ന പദമാണ് ട്രംപ് ഉപയോഗിച്ചിരിക്കുന്നത്. ഇറാനുമായി ഒരു യുദ്ധത്തിന് ട്രംപിന് താത്പര്യമില്ലെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇത്തരമൊരു പ്രതികരണം വന്നിരിക്കുന്നത്. ബുധനാഴ്ച ചേര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ യുദ്ധത്തിലേക്ക് നയിക്കും വിധം ഇറാനെ സമ്മര്‍ദത്തിലാക്കുന്ന കാര്യങ്ങള്‍ ചെയ്യേണ്ടെന്നാണ് ധാരണ.
ഹോര്‍മുസ് പാത അടക്കുമെന്ന ഇറാന്റെ ഭീഷണിയെ തുടര്‍ന്ന് അമേരിക്ക ഗള്‍ഫ് മേഖലയിലേക്ക് യുദ്ധകപ്പലുകളും പോര്‍വിമാനങ്ങളും അയച്ചിട്ടുണ്ട്. സംഘര്‍ഷാവസ്ഥ അയവുവരുത്തുന്നതിനായി യൂറോപ്പ്യന്‍ സഖ്യകക്ഷികളുടെ സഹായം സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ തേടിയിരുന്നു. തങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന നിലപാട് തന്നെയാണ് ഇറാനുള്ളത്. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനെയി കഴിഞ്ഞ ദിവസം അത് വ്യക്തമാക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല