സ്വന്തം ലേഖകന്‍: ഹിറ്റ്‌ലര്‍ ജൂതന്മാരോട് ചെയ്തത് ട്രംപ് അമേരിക്കയിലെ മുസ്ലീങ്ങളോട് ചെയ്യും, യുഎസിലെ പള്ളികള്‍ക്ക് ഭീഷണിക്കത്ത്. മുസ്ലിം വംശഹത്യയെക്കുറിച്ച് ഭീഷണി മുഴക്കിയും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പുകഴ്ത്തിയും യു.എസിലെ മൂന്ന് പ്രമുഖ മുസ്ലിം പള്ളികള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ഇസ്ലാമിക് സെന്റര്‍ ഫോര്‍ ലോങ് ബീച്ച്, ഇസ്ലാമിക് സെന്റര്‍ ഫോര്‍ ക്‌ളേര്‍മോണ്ട്, എവര്‍ഗ്രീന്‍ ഇസ്ലാമിക് സെന്റര്‍ ഇന്‍ സാന്‍ ജോസ് എന്നീ പള്ളികള്‍ക്ക് ഒരേ തരത്തിലുള്ള ഭീഷണി സന്ദേശം ലഭിച്ചതായി കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് (കെയര്‍) വെളിപ്പെടുത്തി. ബുധനാഴ്ചയും വ്യാഴാഴ്ചയുമായിട്ടാണ് പള്ളികളില്‍ ഭീഷണി സന്ദേശം ലഭിച്ചത്.
‘സാത്താന്റെ മക്കള്‍ക്ക്’ എന്ന അഭിസംബോധനയോടു കൂടി തുടങ്ങുന്ന കത്തുകള്‍ ‘അമേരിക്കന്‍ ഫോര്‍ എ ബെറ്റര്‍ വേ’ എന്ന പേരിലാണ് ഒപ്പു വച്ചിരിക്കുന്നത്. ”ഇവിടെ പുതിയൊരു ഭരണാധികാരി വന്നിരിക്കുന്നു, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അദ്ദേഹം അമേരിക്കയെ ശുദ്ധീകരിച്ച് വീണ്ടും തിളക്കമുള്ളതാക്കാന്‍ പോകുന്നു. അതിന്റെ തുടക്കം നിങ്ങള്‍ മുസ്ലിംകളില്‍ നിന്നായിരിക്കും. ഹിറ്റ്‌ലര്‍ ജൂതന്മാരോട് എന്താണോ ചെയ്തത് അതുതന്നെയായിരിക്കും അദ്ദേഹം മുസ്ലിംകളോടും ചെയ്യുക” എന്നായിരുന്നു കത്തിലെ ഉള്ളടക്കം.
കടുത്ത വിദ്വേഷജനകവും നിരുത്തരവാദപരവും വംശീയവുമായ കത്തിനെ കുറിച്ചറിഞ്ഞ് ഇവിടെയുള്ള മുസ്ലിംകള്‍ ചകിതരായിരിക്കുകയാണെന്ന് കെയര്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഹുസ്സാം അയ്‌ലോഷ് പറഞ്ഞു. മുസ്ലിംകള്‍ക്കെതിരായ സ്വയം പ്രഖ്യാപിത വിദ്വേഷ പ്രചാരണത്തിന് എണ്ണ പകരുന്നത് ട്രംപ് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രാജ്യത്തെ മുസ്ലിം പള്ളികള്‍ക്കു നേരെ അധികരിച്ചുവരുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ അവക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് യു.എസിലെ പൗരാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല