സ്വന്തം ലേഖകന്‍: ട്രംപ്, കിം ഉച്ചകോടി ഹാനോയിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍; ട്രംപിനെ കാണാന്‍ വിയറ്റ്‌നാമിലേക്ക് രണ്ടര ദിവസം ട്രെയിന്‍ യാത്ര ചെയ്യാനൊരുങ്ങി കിം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള രണ്ടാം കൂടിക്കാഴ്ചയ്ക്കായി ഉത്തര കൊറിയ ഭരണാധികാരി കിം ജോങ് ഉന്‍ വിയറ്റ്‌നാമിലേക്കു പോകുന്നത് രണ്ടര ദിവസം ട്രെയിനില്‍ യാത്ര ചെയ്താണെന്ന് റിപ്പോര്‍ട്ടുകള്‍. ചൈന വഴിയാണു യാത്ര. വിയറ്റ്‌നാം തലസ്ഥാനമായ ഹാനോയിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍. 27നും 28നുമാണു കൂടിക്കാഴ്ച.
ഉത്തര കൊറിയയുടെ തലസ്ഥാനമായ പോങ്യോങ്ങില്‍നിന്ന് ചൈന വഴി ട്രെയിനില്‍ വിയറ്റ്‌നാം അതിര്‍ത്തി കടക്കാന്‍ രണ്ടര ദിവസം യാത്ര ചെയ്യണം. 3700 കിലോമീറ്ററിലേറെ ദൂരം. വിയറ്റ്‌നാം–ചൈന അതിര്‍ത്തിയില്‍ ട്രെയിനിറങ്ങി അവിടെനിന്നു 170 കിലോമീറ്റര്‍ കാറില്‍ സഞ്ചരിച്ചാണ് ഹാനോയിലെത്തുക. ഈയാഴ്ച അവസാനം തന്നെ പുറപ്പെടേണ്ടി വരുമെന്നര്‍ഥം.
ട്രംപ്–കിം ആദ്യ ഉച്ചകോടി കഴിഞ്ഞ വര്‍ഷം സിംഗപ്പുരിലെ അത്യാഡംബര ഹോട്ടലിലായിരുന്നു. ഹാനോയി നഗരമധ്യത്തിലുള്ള സര്‍ക്കാര്‍ അതിഥി മന്ദിരത്തിലായിരിക്കും കൂടിക്കാഴ്ച എന്നാണ് വിവരം. കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഹാനോയില്‍ ഒരുക്കുന്നത്. ഉത്തരകൊറിയയുടെ ആണവനിരായുധീകരണം യാഥാര്‍ഥ്യമാക്കാനുള്ള വഴി തേടുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.
കഴിഞ്ഞ ഉച്ചകോടിയില്‍ ഇതു സംബന്ധിച്ച ഏകദേശ ധാരണയായെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. അടുത്ത ചര്‍ച്ചയില്‍ ലക്ഷ്യം നേടുമെന്നാണ് പ്രതീക്ഷയെന്നും എന്നാല്‍ അതിനായി തിരക്കു കൂട്ടുന്നില്ലെന്നും ട്രംപ് വാഷിങ്ടനില്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല