സ്വന്തം ലേഖകന്‍: ഉത്തര കൊറിയയെ തകര്‍ക്കാന്‍ യുദ്ധവുമായി മുന്നോട്ട് പോകുമെന്ന് ട്രംപ് പറഞ്ഞതായി യുഎസ് സെനറ്ററുടെ വെളിപ്പെടുത്തല്‍. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സി ഗ്രഹാം എന്‍.ബി.സി ഷോയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തിന് ഇടയിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. അമേരിക്കയെ മുഴുവന്‍ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് തങ്ങള്‍ പുതുതായി പരീക്ഷിച്ച ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസ്സൈല്‍ എന്ന് ഉത്തര കൊറിയ നേതാവ് കിം ജോങ് ഉന്‍ കഴിഞ്ഞയാഴ്ച്ച പ്രസ്താവിച്ചിരുന്നു.
ദീര്‍ഘദൂര ആണവവാഹക ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കാന്‍ ഉത്തര കൊറിയയെ അനുവദിക്കുന്നതിനെക്കാളും നല്ലത് അവരെ യുദ്ധത്തിലൂടെ തകര്‍ക്കുക എന്നതാണെന്നും ഉത്തര കൊറിയയുടെ പദ്ധതികളെയും ആ രാജ്യത്തെ തന്നെയും ഒരു സൈനീക മുന്നേറ്റത്തിലൂടെ തകര്‍ക്കാവുന്നതാണെന്നും ട്രംപ് പറഞ്ഞതായും ഗ്രഹാം കൂട്ടിച്ചേര്‍ത്തു.ട്രംപ് ഭരണത്തില്‍ നിര്‍ണ്ണായക സ്വാധീന ശക്തിയുള്ള വ്യക്തയാണ് ഗ്രഹാം എന്നുള്ളതു കൊണ്ട് തന്നെ വളരെ ഗൗരവത്തോടെയാണ് അദ്ദേഹത്തിന്റെ വാക്കുകളെ അന്താരാഷ്ട്ര സമൂഹം നോക്കി കാണുന്നത്.
ഉത്തര കൊറിയയുടെ മിസൈല്‍ വികസന പദ്ധതികള്‍ക്ക് തടയിടാന്‍ അയല്‍രാജ്യമായ ചൈന മുന്നോട്ടുവെക്കുന്ന നയതന്ത്ര ശ്രമങ്ങള്‍ കൊണ്ട് ഫലം കണ്ടില്ലെങ്കില്‍ തീര്‍ച്ചയായും സൈനീക മുന്നേറ്റം നടത്തുമെന്നും ഗ്രഹാം വെളിപ്പെടുത്തി. നയതന്ത്ര ശ്രമത്തിലൂടെ ഉത്തര കൊറിയയെ തടയിടാനാണ് താന്‍ ആഗ്രഹിക്കുന്നതെങ്കിലും ആണവ വാഹക ശേഷിയുള്ള മിസ്സൈല്‍ കൊണ്ട് അമേരിക്കയെ സ്പര്‍ശിക്കാന്‍ അവരെ അനുവദിക്കില്ലെന്ന് ട്രംപ് കടുത്ത ഭാഷയില്‍ പറഞ്ഞതായി ഗ്രഹാം മാധ്യമങ്ങളോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല