സ്വന്തം ലേഖകന്‍: ട്രംപിനെ ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയവുമായി കണ്‍സര്‍വേറ്റീവ് എംപിമാര്‍. മുന്‍ മന്ത്രികൂടിയായ കണ്‍സര്‍വേറ്റീവ് എംപി ജയിംസ് റഡ്രിഡ്ജ് ആണ് സ്പീക്കര്‍ ജോണ്‍ ബെര്‍ക്കോവിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഭരണകക്ഷിയിലെ 150 ഓളം എംപിമാരുടെ പിന്തുണയും ജയിംസ് റഡ്രിഡ്ജിനുണ്ട്.
അതേസമയം അവിശ്വാസ പ്രമേയ നോട്ടീസിനെക്കുറിച്ച് സര്‍ക്കാര്‍ ഇതുവരെയും ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല. ട്രംപിന് ബ്രിട്ടീഷ് സന്ദര്‍ശനത്തിന് ക്ഷണിച്ച തെരേസ മേയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു സ്പീക്കറുടെ നിലപാട്. സ്പീക്കറുടെ നിലപാടിന് പ്രതിപക്ഷ കക്ഷികളുടെ പൂര്‍ണ പിന്തുണ ലഭിച്ചതിനാല്‍ സര്‍ക്കാര്‍ അവിശ്വാസ പ്രമേയത്തില്‍ എന്തു നിലപാട് സ്വീകരിക്കുമെന്നത് നിര്‍ണായമാണ്.
വംശീയ വിരോധിയും സ്ത്രീ വിരുദ്ധനുമായ ട്രംപിനെ ബ്രിട്ടിഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാന്‍ അനുവദിക്കില്ലെന്നായിരുന്നു സ്പീക്കര്‍ തുറന്നടിച്ചത്. ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാനുള്ള അവസരം ആരുടെയും അവകാശമല്ലെന്നും ബഹുമാന്യരായ വ്യക്തികള്‍ക്കു നല്‍കുന്ന ആദരവാണിതെന്നും ബെര്‍ക്കോവ് പിന്നീട് വിശദീകരിക്കുകയും ചെയ്തു.
അതിനിടെ ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം ബ്രിട്ടിഷ് പാര്‍ലമെന്റ് സമ്മേളിക്കാത്ത ഇടവേളയില്‍ ആയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രാജ്ഞിയുടെ ക്ഷണപ്രകാരമാണ് ട്രംപിന്റെ സന്ദര്‍ശനമെങ്കിലും അദ്ദേഹത്തെ പാ!ര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്ന സ്പീക്കര്‍ ജോണ്‍ ബെര്‍ക്കോവിന്റെ പ്രഖ്യാപനം തെരേസാ മേയ് സര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു.
ഏഴു മുസ്ലീം രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് യുഎസില്‍ പ്രവേശനം നിരോധിക്കുന്ന ട്രംപിന്റെ ഉത്തരവ് ബ്രിട്ടനില്‍ വന്‍ പ്രക്ഷോഭത്തിനു കാരണമാകുകയും ചെയ്തിട്ടുണ്ട്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായിറിക്കും ട്രംപ് ബ്രിട്ടന്‍ സന്ദര്‍ശിക്കുകയെന്നും ബക്കിങ്ഹാം കൊട്ടാരത്തിലെയും വൈറ്റ് ഹൗസിലെയും ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല