സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് ആക്രമണം, ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത ട്രംപിന്റെ മകന് സമൂഹ മാധ്യമങ്ങളില്‍ പൊങ്കാല. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറാണ് ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെതിരെ ട്വീറ്റ് ചെയ്ത് പുലിവാലു പിടിച്ചത്. ഭീകരാക്രമണത്തെ കുറിച്ച് സാദിഖ് ഖാന്‍ 2016 ല്‍ ഇന്‍ഡിപെന്‍ഡന്റ് മാഗസിന് നല്‍കിയ അഭിമുഖത്തിലെ ഒരു പരാമര്‍ശമാണ് ട്രംപ് ജൂനിയര്‍ ട്വീറ്റിന് വിഷയമാക്കിയത്.
” ഭീകരാക്രമണങ്ങള്‍ വന്‍നഗരങ്ങളുടെ ഭാഗമാണ്” എന്ന ഖാന്റെ പ്രസ്താവനയായിരുന്നു അത്. ഈ ഭാഗം ട്വീറ്റ് ചെയ്ത ജൂനിയര്‍ ട്രംപ് ”നിങ്ങളെന്താ ആളെ കളിപ്പിക്കുന്നോ’ എന്നു മാധ്യമങ്ങളോടെന്ന മട്ടില്‍ ചോദിക്കുകയും ചെയ്തു. ട്വീറ്റിനെതിരെ ബ്രിട്ടനിലും അമേരിക്കയിലും വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. നാഷണല്‍ സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റും ഇല്‍ഫോര്‍ഡ് നോര്‍ത്ത് എം.പിയുമായ വെസ് സ്ട്രീറ്റിംഗ് അടക്കമുള്ളവര്‍ ട്വീറ്റിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി.
‘ഞങ്ങളുടെ നഗരത്തിലുണ്ടായ ഒരു ഭീകരാക്രമണത്തെ നിങ്ങള്‍, നിങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ലണ്ടന്‍ മേയറെ ആക്രമിക്കാന്‍ ഉപയോഗിച്ചു. ട്രംപ് ജൂനിയറിന്റെ നടപടി തെറ്റാണെന്നും വെസ് സ്ട്രീറ്റിംഗ് തുറന്നടിച്ചു. ബുധനാഴ്ചയാണ് ബ്രിട്ടീഷ് പാര്‍ലമെന്റിനു മുന്നില്‍ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെടുകയും നാല്പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല