സ്വന്തം ലേഖകന്‍: യുഎസ്, ഉത്തര കൊറിയ ഉച്ചകോടിയ്ക്കായി ചര്‍ച്ചകള്‍ തകൃതി; അതിനിടെ കിം ജോങ് ഉന്നിന് മോസ്‌കോയിലേക്ക് ക്ഷണം. റഷ്യയുടെ വിദേശകാര്യമന്ത്രിയാണ് ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോങ്യോങ്ങിലെത്തി കിമ്മിനെ ക്ഷണിച്ചത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോയും ഉത്തര കൊറിയന്‍ ഉന്നതോദ്യോഗസ്ഥന്‍ കിം യോങ് ചോളുമായുള്ള ചര്‍ച്ചകള്‍ ന്യൂയോര്‍ക്കില്‍ പുരോഗമിക്കുമ്പോഴാണ് റഷ്യയുടെ ഇടപെടല്‍ എന്നത് ശ്രദ്ധേയമാണ്.
ജൂണ്‍ 12നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കിം ജോങ് ഉന്നും സിംഗപ്പൂരില്‍ കാണുമെന്നാണു പ്രതീക്ഷിക്കുന്നത്. ആണവനിലപാടുകളിലെ തര്‍ക്കത്തെ തുടര്‍ന്നു ട്രംപ് നേരത്തേ പിന്‍മാറുകയും പിന്നീടു നിലപാടു മയപ്പെടുത്തുകയും ചെയ്തിരുന്നു. ഉത്തര കൊറിയ ആണവനിരായുധീകരണം ഉറപ്പാക്കണമെന്നാണു യുഎസിന്റെ നിലപാട്. എന്നാല്‍ ദക്ഷിണ കൊറിയയിലെ യുഎസ് സൈനികസാന്നിധ്യം തങ്ങള്‍ക്കു ഭീഷണിയാണെന്ന നിലപാടിലാണ് ഉത്തര കൊറിയ.
കിം യോങ് ചോളുമായുള്ള ഒന്നര മണിക്കൂര്‍ ചര്‍ച്ച ഫലവത്തായിരുന്നുവെന്നു കഴിഞ്ഞ ദിവസം പോംപെയോ ട്വീറ്റ് ചെയ്തിരുന്നു. അതേസമയം, റഷ്യന്‍ വിദേശകാര്യമന്ത്രി സേര്‍ജി ലവ്‌റോവിന്റെ സന്ദര്‍ശനം, റഷ്യയുമായി ഉത്തര കൊറിയ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ സൂചനയാണെന്ന് ഉത്തര കൊറിയന്‍ അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം ഉത്തര കൊറിയയുടെ വിദേശമന്ത്രി റി യോങ് ഹോ മോസ്‌കോയിലെത്തി ചര്‍ച്ച നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല