സ്വന്തം ലേഖകന്‍: ട്രംപ്, കിം കൂടിക്കാഴ്ച ജൂണ്‍ 12 ന് സിംഗപ്പൂരില്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച ജൂണ്‍ 12 ന് സിംഗപ്പൂരില്‍ നടക്കുമെന്ന് ഡോണള്‍ഡ് ട്രംപ് ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി. നമ്മള്‍ ഇരുവരും ഇത് ലോകസമാധാനത്തിന്റെ ഒരു പ്രത്യേക മുഹൂര്‍ത്തമാക്കുമെന്നും ട്വിറ്ററില്‍ കുറിച്ചു.
ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങളുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇരുരാഷ്ട്രത്തലവന്മാരും തമ്മില്‍ ചര്‍ച്ചകളുണ്ടാകുമോയെന്നാണു ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. ആണവ, ആയുധ പരീക്ഷണങ്ങളുടെ പേരിലാണ് യുഎസ്–ഉത്തര കൊറിയ വൈരം രൂക്ഷമായതും. ഉത്തര കൊറിയയില്‍ തടവിലായിരുന്ന മൂന്ന് യുഎസ് പൗരന്മാര്‍ രാജ്യത്തെത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് ട്രംപിന്റെ അറിയിപ്പു വന്നതെന്നതും ശ്രദ്ധേയമാണ്.
ശരിയായ ലോകത്തിലേക്കു ഉത്തരകൊറിയയെയും എത്തിക്കാനുള്ള കിമ്മിന്റെ ആഗ്രഹമാണു ഇതിനു പിന്നിലുള്ളതെന്നും ട്രംപ് പ്രതികരിച്ചു. യുഎസ് പ്രസിഡന്റും ഉത്തരകൊറിയന്‍ നേതാവും തമ്മിലുള്ള കൂടിക്കാഴ്ച ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരിക്കും. അര്‍ഥവത്തായി എന്തെങ്കിലും ചെയ്യാനുള്ള അവസരമായിരിക്കും ഇത്. മേഖലയെ ആണവ വിമുക്തമാക്കിയാല്‍ എന്റെ ഏറ്റവും അഭിമാനിക്കാവുന്ന നേട്ടമാകും അത്,’ ട്രംപ് കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല