സ്വന്തം ലേഖകന്‍: എങ്ങുമെത്താതെ ട്രംപ്, കിം കൂടിക്കാഴ്ച്ച; സംയുക്ത പ്രസ്താവന ഒഴിവാക്കി; ഉത്തര കൊറിയയുടെ പിടിവാശിയാണ് ഹനോയ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് ട്രംപ്. ഉപരോധം പൂര്‍ണമായും പിന്‍വലിക്കണമെന്ന ഉത്തര കൊറിയയുടെ പിടിവാശിയാണ് ഹനോയ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് ഡോണള്‍ഡ് ട്രംപ്. കിമ്മുമായുള്ള ഊഷ്മള ബന്ധം തുടരാനാണ് ആഗ്രഹമെന്നും ട്രംപ് പ്രതികരിച്ചു.
എന്നാല്‍, ഉപരോധം ഭാഗികമായി പിന്‍വലിക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കി ഉത്തരകൊറിയ രംഗത്തെത്തി. ആണവായുധത്തിന്റെ കാര്യത്തില്‍ രാജ്യം നിലവിലെ സ്ഥിതി തുടരുമെന്നും നിലപാടില്‍ മാറ്റമില്ലെന്നും ഉത്തര കൊറിയ വ്യക്തമാക്കി. കൊറിയന്‍ ഉപദ്വീപിനെ ആണവമുക്തമാക്കുന്നതിനുള്ള ചര്‍ച്ചയാണ് പ്രധാനമായും നടന്നത്.
ഉത്തര കൊറിയയിലെ ആണവ പദ്ധതികളുടെ ആസ്ഥാനമായ യോങ്ബയനിലെ ഗവേശണ കേന്ദ്രം അടച്ചുപൂട്ടാമെന്ന് ചര്‍ച്ചയില്‍ കിം വ്യക്തമാക്കി. പകരം അമേരിക്ക തങ്ങള്‍ക്കു മേല്‍ ചുമത്തിയ എല്ലാ ഉപരോധവും പിന്‍വലിക്കണമെന്നും കിം ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് ട്രംപ് വഴങ്ങിയില്ല. രാജ്യത്തെ മറ്റു ആണവ കേന്ദ്രങ്ങള്‍ കൂടി അടച്ചു പൂട്ടാതെയുള്ള ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് ട്രംപ് നിലപാടെടുത്തു. ഇതോടെയാണ് രാഷ്ട്രനേതാക്കള്‍ തമ്മിലുള്ള ചര്‍ച്ച വഴിമുട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്.,
ഫലപ്രദമായ ചര്‍ച്ച നടന്നില്ലെന്ന് മാത്രമല്ല കൂടിക്കാഴ്ചക്ക് ശേഷം സംയുക്ത പ്രസ്താവനയും ഉണ്ടായില്ല. കൂടിക്കാഴ്ചക്ക് ശേഷം ട്രംപ് തനിച്ചാണ് മാധ്യമങ്ങളെ കണ്ടത്. കിമ്മുമായുള്ള നല്ല ബന്ധം തുടരാനാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറ!ഞു. മൂന്നാമതൊരു ഉച്ചകോടിയെ കുറിച്ച് തത്കാലം ആലോചിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.
കൂടിക്കാഴ്ചക്ക് ശേഷം കിമ്മും ട്രംപും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതും ഉണ്ടായില്ല. കഴിഞ്ഞ ജൂണില്‍ നടന്ന കിം ട്രംപ് ഉച്ചകോടിയില്‍ ആണവ നിരായുധീകരണത്തിന് തയ്യാറാണെന്ന് കിം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതില്‍ കാര്യമായ പുരോഗതിയൊന്നും പിന്നീടുണ്ടായിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല