സ്വന്തം ലേഖകന്‍: ട്രംപ്, കിം ഉച്ചകോടിയെ വാനോളം പുകഴ്ത്തി ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍; ഉത്തര കൊറിയ ഒരിക്കലും ആണവ ഭീഷണിയാകില്ലെന്ന് ട്രംപിന്റെ ഉറപ്പ്. ചൊവ്വാഴ്ച സിംഗപ്പൂരില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ നടന്ന ഉച്ചകോടിയെ നൂറ്റാണ്ടിന്റെ കൂടിക്കാഴ്ച എന്ന തലക്കെട്ടിലാണ് ഒന്നാം പേജില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക മുഖപത്രമായ റൊഡോങ് സിന്‍മന്‍ അവതരിപ്പിച്ചത്. ഇരുനേതാക്കളേയും പ്രശംസിച്ച ഉത്തര കൊറിയന്‍ ദേശീയ മാധ്യമം ട്രംപില്‍നിന്ന് അവകാശങ്ങള്‍ നേടിയെടുത്ത കിമ്മിന്റെ വിജയമാണിതെന്നും വിലയിരുത്തി.
‘കൊറിയന്‍ ഉപദ്വീപില്‍ ദക്ഷിണ കൊറിയയുമൊത്തുള്ള സംയുക്ത സൈനികാഭ്യാസം നിര്‍ത്താമെന്നും ഉത്തര കൊറിയക്കെതിരായ ഉപരോധങ്ങള്‍ പിന്‍വലിക്കാമെന്നും സുരക്ഷ ഉറപ്പുനല്‍കാമെന്നും ട്രംപ് താല്‍പര്യം അറിയിച്ചിരിക്കുന്നു. കൊറിയന്‍ മേഖലയില്‍ സുസ്ഥിര സമാധാനം സ്ഥാപിക്കുന്നതിനായി പ്രഖ്യാപിച്ച തത്വങ്ങള്‍ ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന് ഇരുരാഷ്ട്രത്തലവന്മാരും ധാരണയിലെത്തി,’ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയുടെ (കെ.സി.എന്‍.എ) റിപ്പോര്‍ട്ട് പറയുന്നു.
ഇതേ റിപ്പോര്‍ട്ട് പിന്നീട് ഉത്തര കൊറിയയുടെ സുപ്രധാന വാര്‍ത്ത അവതാരക 75 കാരിയായ രി ചുന്‍ ഹീ ദേശീയ ടെലിവിഷനില്‍ വായിക്കുകയും ചെയ്തു. ട്രംപിന്റെയും കിമ്മിന്റെയും ആറു ചിത്രങ്ങളുമായാണ് ബുധനാഴ്ച റൊഡോങ് സിന്‍മന്‍ പുറത്തിറങ്ങിയത്. കിം ജൊങ് ഉന്നിന്റെ ചിത്രം അപൂര്‍വമായി മാത്രമേ ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍ നല്‍കാറുള്ളൂ. ഇരുരാജ്യങ്ങളുടെയും കൊടികളുടെ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളും പത്രം പ്രാധാന്യത്തോടെ നല്‍കി.
ഉത്തര കൊറിയ ഇനിയൊരു ആണവ ഭീഷണിയല്ലെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സിംഗപ്പൂര്‍ ഉച്ചകോടി കഴിഞ്ഞ് അമേരിക്കയില്‍ തിരിച്ചെത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ലോകം ഇപ്പോള്‍ കൂടുതല്‍ സുരക്ഷിതമായ ഇടമായിരിക്കുന്നു. കൊറിയയില്‍നിന്ന് ഇനി ആണവ ഭീഷണിയില്ല. കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച ശുഭപ്രതീക്ഷ നല്‍കുന്നതാണ്. ഭാവിയിലെ വലിയ സാധ്യതകളാണ് അതു തുറന്നിടുന്നത്,’ ട്രംപ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല