സ്വന്തം ലേഖകന്‍: പരസ്പരം ചിരിച്ചും കൈകൊടുത്തും ട്രംപും കിമ്മും; ചരിത്രത്തില്‍ ഇടംനേടി ഈ കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച സിംഗപ്പൂരിലുള്ള സെന്റോസ ദ്വീപിലെ കാപെല്ലാ ഹോട്ടലില്‍ ആരംഭിച്ചു. ചര്‍ച്ച വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഇരുനേതാക്കളും വ്യക്തമാക്കി.
കൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചപ്പോള്‍ ഒട്ടേറെ തടസങ്ങള്‍ മറികടന്നാണ് ഇവിടെ വരെയെത്തിയതെന്ന് കിം വ്യക്തമാക്കി. 45 മിനിറ്റ് നേരമാണ് ആദ്യ ഘട്ട കൂടിക്കാഴ്ച നീണ്ടത്. ആണവ നിരായുധീകരണമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള രണ്ടാമത്തെ ചര്‍ച്ചയ്ക്കു മുന്‍പ് ഇതിനായി ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. ഉച്ചകോടിയെക്കുറിച്ചുള്ള അവിശ്വാസങ്ങളും ഊഹാപോഹങ്ങളും ഞങ്ങള്‍ മറികടക്കുമെന്നും സമാധാനത്തിലേക്കുള്ള മികച്ച ചുവടുവയ്പ്പായിരിക്കും ഇതെന്നാണു വിശ്വാസമെന്നും കിം ജോങ്ങും പ്രതികരിച്ചു.
അടച്ചിട്ട മുറിയില്‍ ഇരുനേതാക്കന്മാരും പരിഭാഷകരും മാത്രമായിട്ടായിരുന്നു ആദ്യ ചര്‍ച്ച. നിശ്ചയിച്ച സമയത്തുതന്നെ ഹോട്ടലിലെത്തിയ ഇരു നേതാക്കളും രണ്ടു തവണ ഹസ്തദാനം ചെയ്തു. കൂടിക്കാഴ്ചയ്ക്കു മുന്‍പായി ഇരുവരും ചേര്‍ന്ന് മാധ്യമങ്ങളെ കാണുകയും ചെയ്തു. ഇരു നേതാക്കള്‍ക്കും ഒപ്പം നാലംഗ സംഘങ്ങളുണ്ട്. വണ്‍–ഓണ്‍–വണ്‍ കൂടിക്കാഴ്ചയ്ക്കുശേഷം പ്രതിനിധികളുമൊത്താണ് രണ്ടാമത്തെ കൂടിക്കാഴ്ച.. ഇതാദ്യമായാണ് അധികാരത്തിലിരിക്കെ ഒരു യുഎസ് പ്രസിഡന്റും ഉത്തര കൊറിയന്‍ ഭരണാധികാരിയും കൂടിക്കാഴ്ച നടത്തുന്നത്.
ഡൊണാള്‍ഡ് ട്രംപിന്റെ സംഘത്തില്‍ വിദേശകാര്യ സെക്രട്ടറി പോംപെയോ, സെക്കന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍, വൈറ്റ് ഹൗസ് ഓപ്പറേഷന്‍സ് മേധാവി ജോ ഹാഗിന്‍ എന്നിവരാണുള്ളത്. ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റീ യോഹ് ഹോ, കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി പ്രതിനിധി കിം യോങ് ചോള്‍, കിമ്മിന്റെ സഹോദരി കിം യോ ചോങ്, വിദേശകാര്യ സെക്രട്ടറി ചോ സോന്‍ ഹുയി എന്നിവരാണ് ഉന്നിന്റെ സംഘത്തിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല