സ്വന്തം ലേഖകന്‍: ചൈനീസ് വിമാനത്തില്‍ സിംഗപ്പൂരില്‍ പറന്നിറങ്ങി കിം; അകമ്പടി സേവിക്കാന്‍ 20 വാഹനങ്ങള്‍; സുരക്ഷാ പുതപ്പില്‍ സിംഗപ്പൂര്‍ നഗരം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും തമ്മിലുള്ള ചരിത്ര കൂടിക്കാഴ്ചയ്ക്കായി സിംഗപ്പൂര്‍ ഒരുങ്ങി. കിം ജോങ് ഉന്നാണ് ആദ്യം സിംഗപ്പൂരിലെത്തിയത്. എയര്‍ ചൈന 747 വിമാനത്തില്‍ വന്നിറങ്ങിയ കിമ്മിനെ സിംഗപ്പൂര്‍ വിദേശകാര്യമന്ത്രി വിവിയന്‍ ബാലകൃഷ്ണന്‍ ചാന്‍കി വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചു.
തുടര്‍ന്ന് 20 വാഹനങ്ങളുടെ അകമ്പടിയോടെയാണ് കിം വിമാനത്താവളത്തില്‍ നിന്നു പുറത്തുകടന്നത്. ഇതിനുശേഷം പ്രധാനമന്ത്രി ലീ സ്യെന്‍ ലൂങ്ങുമായും കിം കൂടിക്കാഴ്ച നടത്തി. ഉച്ചകോടിയുടെ വേദിയിലും ആഡംബര ഹോട്ടലുകളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാത്രമല്ല മാധ്യമങ്ങളില്‍ നിന്നു കിമ്മിനെ മാറ്റിനിര്‍ത്തുന്നതിനായി ഹോട്ടലുകളില്‍ കൂടുതല്‍ ക്രമീകരണങ്ങളും വരുത്തിയിട്ടുണ്ട്. സെയ്ന്റ് റെജിസ് ഹോട്ടലിലാണ് കിമ്മിന്റെ താമസം. കനത്ത സുരഷയിലാണ് സിംഗപ്പൂര്‍ നഗരം.
കാനഡയില്‍നിന്ന് ജി7 ഉച്ചകോടിക്കുശേഷം നേരെ സിങ്കപ്പൂരിലേക്ക് പറന്ന ട്രംപ് പായാ ലെബര്‍ വ്യോമതാവളത്തില്‍ സിങ്കപ്പൂര്‍ സമയം ഞായറാഴ്ച രാവിലെ എട്ടരയ്ക്ക് എത്തി. ഷാന്‍ഗ്രീലാ ഹോട്ടലിലാണ് ട്രംപിന്റെ താമസം. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍, വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി, പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് എന്നിവരും ട്രംപിനെ അനുഗമിക്കുന്നു.2500 ലേറെ മാധ്യമപ്രവര്‍ത്തകരാണ് ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യാന്‍ സിങ്കപ്പൂരിലെത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല