സ്വന്തം ലേഖകന്‍: ശീതയുദ്ധത്തിന് വിടപറഞ്ഞ് ചിരിച്ചും ചിരിപ്പിച്ചും കിമ്മും ട്രംപും; കിമ്മിനെ കൈയ്യിലെടുക്കാന്‍ ട്രംപ് പ്രയോഗിച്ചത് ഹോളിവുഡ് സ്റ്റൈല്‍ അവതരണം. ചര്‍ച്ച തുടങ്ങും മുന്‍പു ഡോണള്‍ഡ് ട്രംപ് പുറത്തെടുത്ത ഐപാഡിലാണ് കിമ്മിനേയും സംഘത്തേയും ആകര്‍ഷിച്ച വീഡിയോ ഉണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആണവനിരായുധീകരണം യാഥാര്‍ഥ്യമാക്കിയാല്‍ ഉത്തര കൊറിയയ്ക്കു ശോഭനമായ ഭാവിയുണ്ടാകുമെന്നു പറയുന്നതാണു വിഡിയോ.
ട്രംപും കിമ്മും ചിരിക്കുന്ന ദൃശ്യങ്ങളോടെയാണു വിഡിയോ തുടങ്ങുന്നത്. തുടര്‍ന്നു കുട്ടികള്‍, വ്യവസായശാലകള്‍ എന്നിവ കാണിക്കുന്നു. തുടര്‍ന്ന് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ തിരികെ വരുന്ന ദൃശ്യങ്ങളാണ്. നാലുമിനിറ്റ് രൈര്ഘ്യമുള്ള വിഡിയോ കിമ്മും കൊറിയന്‍ സംഘവും ആകാംക്ഷയോടെയാണു കണ്ടുതീര്‍ത്തതെന്നും കിമ്മിന് അതിഷ്ടപ്പെട്ടുവെന്നാണു കരുതുന്നതെന്നും ട്രംപ് പറഞ്ഞു.
അതേസമയം ഉച്ചകോടിയെക്കുറിച്ചുള്ള ആകാംക്ഷ കാരണം തിങ്കളാഴ്ച രാത്രി ശരിക്കുറങ്ങാന്‍ കഴിഞ്ഞില്ലെന്നു ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ വ്യക്തമാക്കി. സിംഗപ്പുര്‍ ഉച്ചകോടി യാഥാര്‍ഥ്യമാക്കാന്‍ ഏറെ വിയര്‍പ്പൊഴുക്കിയ മൂണ്‍ കിമ്മുമായും ട്രംപുമായും തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. സോളിലെ പ്രസിഡന്റിന്റെ ഓഫിസില്‍ സിംഗപ്പുര്‍ ഉച്ചകോടിയുടെ തല്‍സമയ സംപ്രേഷണം ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം കാണുകയും ചെയ്തു മൂണ്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല