സ്വന്തം ലേഖകന്‍: ട്രംപ്, കിം രണ്ടാം ഉച്ചകോടി ഇന്ന്; ഇരു നേതാക്കളും വിയറ്റ്‌നാം തലസഥാനമായ ഹാനോയിയിലെത്തി; കൂടിക്കാഴ്ച കനത്ത സുരക്ഷാവലയത്തില്‍. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാം ഉച്ചകോടി ഇന്ന്. വിയറ്റ്‌നാമിലെ ഹനോയിയില്‍ വൈകീട്ടാണ് ഉച്ചകോടി ആരംഭിക്കുക. കൂടിക്കാഴ്ചക്കായി ഇരു നേതാക്കളും ഹനോയിയില്‍ എത്തി. അതീവ സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ സിംഗപ്പൂരില്‍ വെച്ച് നടന്നതായിരുന്നു ആദ്യ കൂടിക്കാഴ്ച. ആ ചരിത്ര ഉച്ചകോടിക്ക് ശേഷം നടക്കാനിരിക്കുന്നതാണ് ഇന്നത്തേത്. ഇന്നും നാളെയുമായി രണ്ട് ദിവസമാണ് കൂടിക്കാഴ്ച. ഉച്ചകോടിക്കായി ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇന്നലെത്തന്നെ വിയറ്റ്‌നാം തലസ്ഥാനമായ ഹാനോയിലെത്തി. വിയറ്റ്‌നാം സര്‍ക്കാര്‍ പ്രതിനിധികള്‍ ഇരുവരെയും സ്വീകരിച്ചു.
ഉത്തര കൊറിയയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് കിം ജോങ് ഉന്‍ വിയറ്റ്‌നാമിലെത്തിയത്. വിയറ്റ്‌നാം അതിര്‍ത്തിയിലെ റെയില്‍വേസ്റ്റേഷനില്‍ നിന്ന് കാര്‍ മാര്‍ഗം തലസ്ഥാനമായ ഹാനോയിയിലേക്കെത്തി. ഉച്ചകോടിയോടനുബന്ധിച്ച് ഹാനോയിയില്‍ വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ വിയറ്റ്‌നാം വിദേശകാര്യ മന്ത്രിയുമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഇന്നലെ കൂടിക്കാഴ്ച നടത്തി. ഹാനോയിയിലായിരുന്നു കൂടിക്കാഴ്ച. ട്രംപും കിമ്മും തമ്മിലുള്ള രണ്ടാം ഉച്ചകോടിക്ക് വിയറ്റ്‌നാം വേദിയായതിന്റെ സന്തോഷം പോംപിയോ രേഖപ്പെടുത്തി.
കൊറിയന്‍ ഉപദ്വീപിലെ ആണവനിരായുധീകരണം, പ്യോങ്യാങ്ങിനെതിരെയുള്ള വിലക്കുകള്‍ എന്നിവയാണ് ഉച്ചകോടിയുടെ മുഖ്യ അജണ്ട. ഇരു രാജ്യങ്ങളും തമ്മില്‍ സമാധാനം ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളും കൂടിക്കാഴ്ചയില്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. ആണവായുധങ്ങളുടെ ഉപയോഗം ഉത്തരകൊറിയ ഒഴിവാക്കിയാല്‍ ഉത്തരകൊറിയ ആഗോള സാമ്പത്തിക ശക്തിയാകാനുള്ള സാധ്യതയുണ്ടെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് പ്രതികരിച്ചിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല