സ്വന്തം ലേഖകന്‍: കെടുകാര്യസ്ഥതയുടേയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റേയും കൂത്തരങ്ങ്, ഐക്യരാഷ്ട്ര സഭയ്‌ക്കെതിരെ ആഞ്ഞടിച്ച് ട്രംപ്. കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവുമാണ് ഐക്യരാഷ്ട്ര സംഘടനയെ പിന്നോട്ടടിക്കുന്നതെന്ന് തുറന്നടിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാനായി സംഘടനയില്‍ പരിഷ്‌കാരം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി
യുഎന്നിനെ പരിഷ്‌കരിക്കുന്നതു സംബന്ധിച്ച പ്രത്യേക യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ചു സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ അപ്രതീക്ഷിത ആക്രമണം. യുഎസ് പ്രസിഡന്റായ ശേഷം ട്രംപ് യുഎന്‍ ആസ്ഥാനത്ത് നടത്തുന്ന ആദ്യത്തെ പ്രഭാഷണമാണിത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.
‘യുഎന്നിന്റെ ബജറ്റില്‍ 140 ശതമാനംവരെ വര്‍ധനയുണ്ടായി. സ്റ്റാഫിന്റെ എണ്ണം 17 വര്‍ഷത്തിനകം ഇരട്ടിയായി. എന്നാല്‍ ഈ നിക്ഷേപത്തിന്റെ ഗുണഫലമൊന്നും അനുഭവവേദ്യമാവുന്നില്ല,’ ട്രംപ് ചൂണ്ടിക്കാട്ടി. പുതിയ സെക്രട്ടറി ജനറലിന്റെ ഭരണത്തില്‍ ഈ സ്ഥിതിക്കു മാറ്റമുണ്ടായി തുടങ്ങിയെന്നും ട്രംപ് പറഞ്ഞു. നടപടിക്രമങ്ങള്‍ക്കു പകരം അന്തിമഫലത്തിനു പ്രാധാന്യം കൊടുക്കുകയും മാനേജ്‌മെന്റ് കണക്കുപറയാന്‍ ബാധ്യസ്ഥമാവുകയും ചെയ്യുന്ന അവസ്ഥ വരണം.
സംഘടനയിലെ പ്രശ്‌നങ്ങള്‍ പുറത്തെത്തിക്കുന്നവര്‍ക്കു സംരക്ഷണം നല്‍കുകയും വേണം. സൈനിക, സാന്പത്തിക തലത്തില്‍ നിശ്ചയിക്കപ്പെട്ടതിലും കൂടുതല്‍ ഭാരം വഹിക്കാന്‍ ഒരു അംഗരാഷ്ട്രത്തെയും നിര്‍ബന്ധിക്കരുതെന്നും ട്രംപ് പറഞ്ഞു. യുഎന്നിനുള്ള വിഹിതം വെട്ടിക്കുറയ്ക്കുമെന്നു നേരത്തെയും വാഷിംഗ്ടണ്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല