സ്വന്തം ലേഖകന്‍: ട്രംപിസ്താനില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷയില്ല, വിദ്യാലയങ്ങളില്‍ പ്രത്യേക ശൗചാലയങ്ങള്‍ക്കുള്ള നിര്‍ദ്ദേശം പിന്‍വലിച്ചു, അമേരിക്കയിലെങ്ങും വ്യാപക പ്രതിഷേധം. ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികളുടെ അവകാശസംരക്ഷണം ലക്ഷ്യമിട്ട് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ നടപ്പിലാക്കിയ നിര്‍ദേശമായിരുന്നു വിദ്യാര്‍ഥികള്‍ക്ക് പൊതുവിദ്യാലയങ്ങളില്‍ അവരവര്‍ക്ക് അനുയോജ്യമായ ശൗചാലയങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നത്. ഈ നിര്‍ദേശമാണ് ബുധനാഴ്ച വൈറ്റ് ഹൗസ് പിന്‍വലിച്ചത്. ഈ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കും വിട്ടുകൊടുക്കണമെന്നാണ് വൈറ്റ് ഹൗസിന്റെ വാദം.
2016 മേയിലാണ് സുപ്രധാനമായ നിര്‍ദേശം ഒബാമ പുറപ്പെടുവിച്ചത്. ഇത് അംഗീകരിക്കാത്ത സ്‌കൂളുകള്‍ക്ക് ഫണ്ട് നല്‍കില്ലെന്നും ഒബാമ പറഞ്ഞിരുന്നു. ട്രംപിന്റെ പുതിയ നടപടിയെച്ചൊല്ലി, ഭിന്നലിംഗ പ്രസ്ഥാനങ്ങളുടെ വിമര്‍ശകനായ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സും വിദ്യാഭ്യാസസെക്രട്ടറി ബെറ്റസി ദിവോസും തമ്മില്‍ വാക് തര്‍ക്കമുണ്ടായിരുന്നു. ജനനസര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഭിന്നലിംഗക്കാര്‍ക്ക് പൊതുസ്ഥലങ്ങളിലെയും വിശ്രമമുറികള്‍ ഉപയോഗിക്കാമെന്ന് നോര്‍ത്ത് കരോലൈന സംസ്ഥാനം ഉത്തരവിറക്കിയതിനു പിന്നാലെയാണ് ട്രംപിന്റെ പുതിയ നടപടി.
പുതിയ തീരുമാനത്തില്‍ അമേരിക്കയിലാകെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. ഭിന്നലിംഗ സംഘടനകളും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഉള്‍പ്പെടെ ഇരുനൂറിലേറെ പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിന് മുന്നില്‍ പ്രകടനം നടത്തി. അതേസമയം, ഒബാമയുടെ നിര്‍ദേശങ്ങള്‍ക്കെതിരേ കോടതിയെ സമീപിച്ച ടെക്‌സസ് അറ്റോര്‍ണി ജനറല്‍ ട്രംപിനെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കന്‍ നിയമത്തില്‍ ഒമ്പതാം അനുച്ഛേദത്തില്‍ വിദ്യാഭ്യാസത്തില്‍ ലിംഗ വിവേചനം തടയാനുള്ള വകുപ്പുണ്ട്. ഈ നിയമത്തിന്റെ പരിധിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ വരുമോ എന്നത് കോടതി പരിശോധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല