1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2018

സ്വന്തം ലേഖകന്‍: അഴിമതിയില്‍ മുങ്ങി ട്രംപിന്റെ വിശ്വസ്തര്‍; മുഖം രക്ഷിക്കാന്‍ പാടുപെട്ട് ട്രംപ് ഭരണകൂടം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടു മുന്‍ അനുയായികളാണ് സാമ്പത്തിക ക്രമക്കേടില്‍ കുടുങ്ങിയത്. ട്രംപിന്റെ മുന്‍ അഭിഭാഷകന്‍ മൈക്കല്‍ കൊഹെന്‍ കുറ്റം സമ്മതിച്ചപ്പോള്‍ മുന്‍ തിരഞ്ഞെടുപ്പ് പ്രചാരണ തലവന്‍ പോള്‍ മാന്‍ഫോര്‍ട്ട് കുറ്റകാരനാണെന്ന് കോടതി കണ്ടെത്തി.

ഇതേ തുടര്‍ന്ന് ട്രംപ് സര്‍ക്കാര്‍ ഇംപീച്‌മെന്റ് അടക്കമുള്ള നടപടികള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും അതിന് സാദ്ധ്യതയില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ട്രംപിന്റെ ദീര്‍ഘനാളായുള്ള അഭിഭാഷകനും സാമ്പത്തിക ഇടപാടുകാരനുമായ മൈക്കല്‍ കൊഹെന്‍ പ്രചാരണ പരിപാടികളിലെ സാമ്പത്തിക ലംഘനങ്ങളടക്കം എട്ട് ആരോപണങ്ങളില്‍ കുറ്റം സമ്മതിച്ചു.

ട്രംപിന് ബന്ധമുണ്ടായിരുന്ന രണ്ട് പോണ്‍ താരങ്ങള്‍ക്ക് കാര്യങ്ങള്‍ പുറത്തു പറയാതിരിക്കാന്‍ ട്രംപ് പണം നല്‍കിയതായും കൊഹെന്‍ പറഞ്ഞു. പ്രസിഡന്റിന്റെ മുന്‍ പ്രചാരണ വിഭാഗം അദ്ധ്യക്ഷനായ പോള്‍ മാന്‍ഫോര്‍ട്ട് ബാങ്ക്, നികുതി തട്ടിപ്പുകളുടെ പേരിലുള്ള എട്ട് കേസുകളിലാണ് ശിക്ഷിക്കപ്പെട്ടത്. 2016 ലെ തിരഞ്ഞെടുപ്പിനിടെ, പോണ്‍ താരമായ സ്റ്റോമി ഡാനിയേല്‍സിനും മുന്‍ പ്ലേബോയ് മോഡല്‍ കാരെന്‍ മക്‌ഡൊഗെലിനും പണം നല്‍കാന്‍ ട്രംപ് തന്നെ ഏല്‍പ്പിച്ചതായി കൊഹെന്‍ വെളിപ്പെടുത്തി.

വിര്‍ജീയയില്‍ നടന്ന സാമ്പത്തിക തട്ടിപ്പു വിചാരണയിലാണ് ട്രംപിന്റെ മുന്‍ പ്രചാരണ തലവന്‍ പോള്‍ മാന്‍ഫോര്‍ട്ട് ശിക്ഷിക്കപ്പെട്ടത്. നികുതി വെട്ടിക്കാനായി വിദേശ അക്കൗണ്ടുകളില്‍ ഇയാള്‍ക്ക് ലക്ഷക്കണക്കിനു ഡോളര്‍ നിക്ഷേപമുണ്ടെന്നും ബാങ്കുകളെ പറ്റിച്ച് ദശലക്ഷക്കണക്കിനു ഡോളര്‍ വായ്പ നേടി എന്നുമായിരുന്നു ഇയാള്‍ക്കുമേല്‍ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങള്‍.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.