സ്വന്തം ലേഖകന്‍: ട്രംപും മാധ്യമങ്ങളും തമ്മിലുള്ള ശീതസമരം തുടരുന്നു, മാധ്യമ പ്രവര്‍ത്തകരുടെ വിരുന്നില്‍ പങ്കെടുക്കില്ലെന്ന് ട്രംപ്, തീരുമാനം വൈറ്റ്ഹൗസിലെ മാധ്യമ വിലക്കിന്റെ തുടര്‍ച്ച. വൈറ്റ്ഹൗസിലെ മാധ്യമ പ്രവര്‍ത്തകരുടെ സംഘടന എല്ലാ വര്‍ഷവും പതിവായി നടത്തുന്ന വസന്തകാല വിരുന്നില്‍ പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാധ്യമങ്ങളുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തിലാണ് വിരുന്നില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി ട്രംപ് അറിയിച്ചത്. എല്ലാ വര്‍ഷവും വിരുന്നില്‍ പ്രധാന അതിഥി പ്രസിഡന്റായിരിക്കും. മാധ്യമപ്രവര്‍ത്തകര്‍, വിവിധ രംഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന വിരുന്നില്‍ നിന്ന് റൊണാള്‍ഡ് റീഗനും റിച്ചാര്‍ഡ് നിക്‌സണും മാത്രമാണ് മുമ്പ് പങ്കെടുക്കാതിരുന്നിട്ടുള്ളത്.
വിരുന്നില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള ട്രംപിന്റെ ഈ തീരുമാനം മാധ്യമങ്ങള്‍ക്കു നേരെയുള്ള യുദ്ധപ്രഖ്യാപനമായാണ് വിലയിരുത്തപ്പെടുന്നത്. വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നു, പ്രതിപക്ഷ പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ട്രംപ് മാധ്യമങ്ങള്‍ക്ക് എതിരായ നടപടി സ്വീകരിച്ചിരിക്കുന്നത്. ‘വൈറ്റ് ഹൗസ് കറസ്‌പോന്‍ഡന്‍സ് അസോസിയേഷന്‍ ഈ വര്‍ഷം ഒരുക്കുന്ന അത്താഴ ചടങ്ങില്‍ ഞാന്‍ പങ്കെടുക്കില്ല. എല്ലാവരോടും അന്വേഷണം അറിയിക്കുക, എല്ലാവര്‍ക്കും നല്ലൊരു വൈകുന്നേരം ആശംസിക്കുന്നു’–ട്രംപ് ട്വിറ്ററില്‍ കുറിച്ചു. മാധ്യമങ്ങളുമായുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായ സാഹചര്യത്തിലാണ് ട്രംപ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയതെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.
1921 മുതല്‍ ആരംഭിച്ച ചടങ്ങാണ് മാധ്യമപ്രവര്‍ത്തകര്‍ യുഎസ് പ്രസിഡന്റിനെ രാത്രി ഭക്ഷണത്തിന് ക്ഷണിക്കുന്നത്. സിഎന്‍എന്‍, ബിബിസി, ന്യൂയോര്‍ക് ടൈംസ് തുടങ്ങിയ മുഖ്യധാരാ മാധ്യമങ്ങളെയാണ് പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍നിന്ന് വൈറ്റ് ഹൗസ് ഒഴിവാക്കിയത്. ഇവരെ രാജ്യത്തിന് അപകടകാരികളായ മാധ്യമങ്ങള്‍ എന്ന് വിശേഷിപ്പിച്ച ട്രംപ് തിരഞ്ഞെടുപ്പു പ്രചാരണകാലം മുതല്‍ ഇവര്‍ വ്യാജവാര്‍ത്തക്കാരാണെന്നും തുറന്നടിച്ചു. ട്രംപിന്റെ പ്രചാരണ ടീമിന് റഷ്യന്‍ ബന്ധമുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രസിഡന്റിനെ ചൊടിപ്പിച്ചത്.
ട്രംപ് പലതവണ വിമര്‍ശിച്ചിട്ടുള്ള സിഎന്‍എന്‍, ബിബിസി, ന്യൂയോര്‍ക് ടൈംസ്, പൊളിറ്റികോ, ബസ്ഫീഡ് എന്നിവയുടെ പ്രതിനിധികളെ ഒഴിവാക്കിയാണ് സീന്‍ സ്‌പൈസര്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്. വ്യാജ വാര്‍ത്തക്കാര്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് പ്രസ് സെക്രട്ടറി പറഞ്ഞു. പുതിയ നിലപാട് അസഹിഷ്ണുതയുടെ പ്രതിഫലനമാണെന്ന് മാധ്യമങ്ങള്‍ പ്രതികരിച്ചു. വിലക്കില്‍ പ്രതിഷേധിച്ച് അസോസിയേറ്റഡ് പ്രസ്, ടൈം മാഗസിന്‍, യുഎസ്എ ടുഡെ തുടങ്ങിയ മാധ്യമങ്ങള്‍ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ചു. വിരുന്നില്‍നിന്ന് പ്രസിഡന്റ് പിന്മാറിയതോടെ ട്രംപും മാധ്യമ പ്രവര്‍ത്തകരും തമ്മിലുള്ള യുദ്ധം പുതിയൊരു ഘട്ടത്തിലേക്ക് കടന്നതായാണ് വിലയിരുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല