സ്വന്തം ലേഖകന്‍: തന്നെ ഫാസിസ്റ്റ് എന്ന് വിമര്‍ശിക്കുന്ന ട്വീറ്റ് അബദ്ധത്തില്‍ ഷെയര്‍ ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ ഇളിഭ്യനായി ട്രംപ്. തന്നെ ഫാഷിസ്റ്റെന്നു വിളിച്ച വിമര്‍ശകന്റെ ട്വീറ്റ് റീട്വീറ്റ് ചെയതതാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അബദ്ധത്തില്‍ ചാടിയത്. മൈക്ക് ഹോള്‍ഡന്‍ എന്നയാളുടെ ട്വീറ്റാണ് ട്രംപ് അബദ്ധത്തില്‍ റിട്വീറ്റ് ചെയ്തത്. ഇതിനു മുമ്പും ട്രംപിന്റെ ട്വിറ്റര്‍ അമളികള്‍ സമൂഹ മാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു.
അമളി പറ്റിയെന്ന് മനസിലായ ട്രംപ് ട്വീറ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും അപ്പോഴേക്കും സംഗതി വിമര്‍ശനകരും ട്രോളന്മാരും ഏറ്റെടുത്തു. അഭയാര്‍ത്ഥി വിഷയവുമായി ട്രംപിന്റെ വിവാദ നിലപാടിനെ വിമര്‍ശിക്കവെയായിരുന്നു മൈക്ക് ട്രംപ് ഒരു ഫാസിസ്റ്റാണെന്ന് പറഞ്ഞത്. ഇതാണ് ട്രംപ് അബദ്ധത്തില്‍ റീട്വീറ്റ് ചെയ്തത്. വിവാദമായതോടെ താന്‍ ട്വിറ്ററില്‍ നിന്നും വിരമിക്കുകയാണെന്നും ഇതിലും കൂടുതല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും പറഞ്ഞ് മൈക്ക് ട്രോളുമായി രംഗത്തെത്തുകയും ചെയ്തു.
നേരത്തെ സി.എന്‍.എന്‍ ചാനലിനെ അപമാനിക്കുന്ന ട്വീറ്റിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴും ട്രംപ് ഇതുപോലെ ഡിലീറ്റ് ചെയ്ത് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്നും ട്രംപിന്റെ അബദ്ധത്തെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ട്രോളന്മാര്‍ അത് ആഘോഷിക്കുകയും ചെയ്തിരുന്നു. ട്രംപിന്റെ തീവ്ര നിലപാടുകള്‍ക്കെതിരെ അമേരിക്കയ്ക്ക് അകത്തു നിന്നും പുറത്തു നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ വിമര്‍ശകര്‍ക്ക് ലോട്ടറി അടിച്ചപോലെയാണ് ട്രംപിന്റെ ട്വിറ്റര്‍ അമളികള്‍ എന്നാണ് സമൂഹ മാധ്യമങ്ങളിലെ പറച്ചില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല