സ്വന്തം ലേഖകന്‍: അമേരിക്കയില്‍ പുതിയ കുടിയേറ്റ നിയമം വരുന്നു, ഉത്തരവ് അടുത്തയാഴ്ചയെന്ന് ട്രംപ്, നീക്കം മുസ്ലീം വിലക്കിനെതിരായ കോടതി വിധി മറികടക്കാന്‍. ട്രംപിന്റെ വിവാദമായ കുടിയേറ്റ നയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരിക്കും പുതിയ കുടിയേറ്റ നിയമമെന്നാണ് സൂചന. ഇതിന്റെ ആദ്യ പടിയായി കുടിയേറ്റ വിലക്ക് തടഞ്ഞ കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ ട്രംപ് ഭരണകൂടം പിന്‍വലിച്ചു. ഏഴ് മുസ്ലീം രാഷ്ട്രങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിയാണ് കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിരുന്നത്.
തുടര്‍ന്ന് ട്രംപ് സര്‍ക്കാര്‍ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കി. ഇത് പിന്‍വലിച്ചാണ് കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ശക്തമായ നിയമം കൊണ്ടുവരാന്‍ ട്രംപ് തയാറെടുക്കുന്നത്. കുടിയേറ്റ വിലക്കിലെ ചില ആശങ്കകള്‍ പരിഹരിച്ചുകൊണ്ടാവും പുതിയ നിയമം അവതരിപ്പിക്കുകയെന്ന് ട്രംപ് വ്യക്തമാക്കി.
ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ക്കെതിരെ അമേരിക്കയിലും ആഗോള തലത്തിലും വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ഉത്തരവിന് എതിരെയുള്ള കോടതി നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചു പുതിയ ഉത്തരവ് അടുത്തയാഴ്ച പുറപ്പെടുവിക്കുമെന്നു ട്രംപ് അറിയിച്ചു.
രാജ്യത്തെ ഏറ്റവും മികച്ച അഭിഭാഷകരെ ഇതിനായി ചുമതലപ്പെടുത്തിയതായി വെളിപ്പെടുത്തിയ ട്രംപ് എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല.
സാന്‍ഫ്രാന്‍സിസ്‌കോയിലെ യുഎസ് അപ്പീല്‍ കോടതിയിലെ മൂന്നംഗ ബെഞ്ചാണു ട്രംപിന്റെ വിവാദ ഉത്തരവ് പുനഃസ്ഥാപിക്കാന്‍ നേരത്തേ വിസ്സമ്മതിച്ചത്. ഇതോടെ വിലക്കു നേരിടുന്ന ഏഴു രാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക് യുഎസിലേക്കു യാത്ര ചെയ്യാനുള്ള നിയമതടസ്സം നീങ്ങിയിരുന്നു.
സിറിയ, ഇറാന്‍ അടക്കം ഏഴു രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കു 90 ദിവസം യാത്രാവിലക്കും അഭയാര്‍ഥികള്‍ക്കു 120 ദിവസത്തെ വിലക്കും സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് അനിശ്ചിതകാല വിലക്കും ഏര്‍പ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു വിവാദ ഉത്തരവ്. കുടിയേറ്റക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഉത്തരവ് വിവിധ വിമാനത്താവളങ്ങളില്‍ ആശയക്കുഴപ്പവും പ്രശ്‌നങ്ങളും സൃഷ്ടിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല