സ്വന്തം ലേഖകൻ: റിപബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയെ തിരഞ്ഞെടുക്കുന്നതിനുള്ള പോരാട്ടത്തിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അപരാജിത കുതിപ്പിന് തടയിട്ട് സൗത്ത് കാരോലൈന മുൻ ഗവർണർ നിക്കി ഹേലിയുടെ ആദ്യ വിജയം. ഞായറാഴ്ച നടന്ന പോരാട്ടത്തിലാണ് വാഷിങ്ടൻ ഡിസി പ്രൈമറിയിലാണ് നിക്കി ഹേലി പ്രഥമ വിജയം സ്വന്തമാക്കിയത്. യുഎസിന്റെ പ്രസിഡന്റ് സ്ഥാനാർഥിയെ നിർണയിക്കുന്നതിൽ പ്രധാന ദിവസമായ ‘സൂപ്പർ ചൊവ്വാഴ്ച’യ്ക്കു തൊട്ടുമുൻപുള്ള ഈ വിജയം നിക്കി ഹേലിക്ക് ഏറെ ആശ്വാസകരമാണ്. നാളെ 15 സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക.
റിപ്പബ്ലിക്കൻ സ്ഥാനാർഥികളിൽ ഡോണൾഡ് ട്രംപു തന്നെയാണ് മുൻനിരയിലുള്ളത്. എതിരാളിയായ നിക്കി ഹേലിയെക്കാൾ ഭൂരിപക്ഷം ട്രംപ് അനായാസം സ്വന്തമാക്കുമെന്നാണ് സർവേകൾ പ്രവചിക്കുന്നത്. രണ്ടാം തവണ വൈറ്റ് ഹൗസിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ച ട്രംപിനെതിരെ സൂപ്പർ ചൊവ്വാഴ്ച ഹേലിയുടെ അവസാന അവസരമാണ്. അലാസ്‌ക, അലാസ്ക (ജിഒപി മാത്രം), അർകെൻസ, കലിഫോർണിയ, കൊളറാഡോ, മെയ്‌ൻ,മാസച്യുസിറ്റ്‌സ്, മിനസോഡസ, നോർത്ത് കാരോലൈന, ഓക്‌ലഹോമ, ടെനിസി, ടെക്‌സസ്, യൂട്ടാ, വെർമോണ്ട് , വെർജീനിയ, അമേരിക്കൻ സമോവയുടെ യുഎസ് പ്രദേശം എന്നിവടങ്ങളിലാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത്.
സൂപ്പർ ടുസ്‌ഡേയിൽ ടെക്സസും ഉൾപ്പെടുന്നുണ്ട്. ടെക്‌സസ് ഇപ്പോൾ പൂർണമായും ട്രംപിനെ പിന്താങ്ങുന്നു എന്നാണ് റിപോർട്ടുകൾ. ഗവർണർ ഗ്രെഗ് ആബട് ട്രംപിന്‍റെ ചങ്ങാതിയായി മാറിക്കഴിഞ്ഞു. ആബട്ടിനെ ട്രംപ് തന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയാക്കും എന്ന് വാർത്തകൾ ഉണ്ടായിരുന്നു. 2028ൽ യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ആബട് മത്സരിക്കും എന്ന് നിരീക്ഷകർ കരുതുന്നു.
മിഷിഗനിൽ കഴിഞ്ഞ ദിവസം നടന്ന റിപ്പബ്ലിക്കൻ പ്രൈമറിയിൽ ആകെയുള്ള 39 ഡെലിഗേറ്റുകളെയും റിപ്പബ്ലിക്കൻ കൺവെൻഷൻ ട്രംപിന് നൽകുകയായിരുന്നു. കാരണം ഹേലിക്കു ഡെലിഗേറ്റ് നേടാൻ പിന്തുണ ഉണ്ടായിരുന്നില്ല. യൂണിവേഴ്സിറ്റി ഓഫ് ടെക്സസിന്‍റെ ടെക്‌സസ് പൊളിറ്റിക്സ് പോർജെക്ട കഴിഞ്ഞ മാസം നടത്തിയ വോട്ടെടുപ്പിൽ ട്രംപിന് 80 % ഹേലി 20% പിന്തുണയാണ് ലഭിച്ചത്. ഹേലി ഈ സർവേ ഫലം തള്ളിക്കളഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല