1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2017

സ്വന്തം ലേഖകന്‍: അമേരിക്കയുടെ 45 മത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് സ്ഥാനമേല്‍ക്കും, പ്രതിഷേധിച്ചും അനുകൂലിച്ചും രണ്ടു തട്ടിലായി അമേരിക്കന്‍ ജനത. വാഷിങ്ടണിലെ കാപിറ്റള്‍ ഹാളില്‍ പ്രാദേശികസമയം വൈകീട്ട് അഞ്ചിനു നടക്കുന്ന പൊതുചടങ്ങിലാണ് സ്ഥാനാരോഹണം. ട്രംപമ്‌നൊപ്പം വൈസ് പ്രസിഡന്റായി ഇന്‍ഡ്യാന മുന്‍ ഗവര്‍ണര്‍ മൈക്ക് പെന്‍സും ചുമതലയേല്‍ക്കും.

ഇന്നു രാവിലെ സെന്റ് ജോണ്‍സ് എപ്പീസ്‌കോപ്പല്‍ പള്ളിയില്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ബരാക് ഒബാമയ്‌ക്കൊപ്പം നടക്കുന്ന പ്രാര്‍ഥനയോടെയാണു ട്രംപിന്റെ ഇന്നത്തെ പരിപാടികള്‍ തുടങ്ങുക. ട്രംപിനു ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് സത്യവാചകം ചൊല്ലിക്കൊടുക്കും. തുടര്‍ന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യും.ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ചുള്ള ഉച്ചഭക്ഷണം കാപ്പിറ്റോളിലെ നാഷണല്‍ സ്റ്റാചുറി ഹാളിലാണു സംഘടിപ്പിക്കുന്നത്.

പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നിനു ഉദ്ഘാടന പരേഡ് നടക്കും. പെന്‍സില്‍വാനിയ അവന്യൂ വഴി ട്രംപും പെന്‍സും യു.എസ്. ക്യാപ്പിറ്റോളില്‍നിന്നു വൈറ്റ് ഹൗസിലേക്കു തിരിക്കും. മകള്‍ ഇവാന്‍കയാകും അമേരിക്കയുടെ പ്രഥമ വനിത. മകന്‍ ബാരണിന്റെ പഠനാര്‍ഥം ഭാര്യ മെലാനിയ തല്‍ക്കാലം ന്യൂയോര്‍ക്കില്‍ തുടരും. അധികാരമേല്‍ക്കല്‍ ദിനത്തില്‍ നിരവധി സംഘടനകള്‍ ട്രംപിനെതിരേ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്.
വര്‍ഗ വിവേചനത്തിനെതിരേ പ്രവര്‍ത്തിക്കുന്ന ആന്‍സര്‍, ഡിസ്‌റപ്റ്റ്‌ജെ20, ഫോര്‍ വിമന്‍ ഫോര്‍ ഓള്‍ വിമന്‍ തുടങ്ങിയ സംഘടനകളാണു പ്രതിഷേധ പ്രകടനം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.

1946 ജൂണ്‍ 14ന് ന്യൂയോര്‍ക്ക് സിറ്റിയില്‍ ഫ്രെഡ് ട്രംപിന്റെയും മേരിയുടെയും രണ്ടാമത്തെ മകനായാണു ട്രംപ് ജനിച്ചത്. 1968ല്‍ പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയശേഷം പിതാവിന്റെ റിയല്‍ എസ്‌റ്റേറ്റ്, നിര്‍മാണകമ്പനിയുടെ ചുമതല ഏറ്റെടുത്തു. കഴിഞ്ഞ വര്‍ഷം ഫോബ്‌സ് മാഗസിന്‍ പുറത്തിറക്കിയ ലോകത്തെ സമ്പന്നന്‍മാരുടെ പട്ടികയില്‍ 324 മനാണ് ട്രംപ്.

2015 ജൂണിലാണ് തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയത്. സ്വന്തം പാര്‍ട്ടിയില്‍നിന്നുമുള്ള വെല്ലുവിളികളെ അതിജീവിച്ചാണ് അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തെത്തിയത്. മൂന്ന് ഭാര്യമാരിലായി അഞ്ച് മക്കളാണു ട്രംപിനുള്ളത്. ഡോണള്‍ഡ് ട്രംപ് ജൂനിയര്‍, ഇവാന്‍ക, എറിക്, ട്രിഫാനി, ബാരണ്‍ എന്നിവര്‍ മക്കളും ജറെഡ് കഷ്‌നര്‍ മരുമകനുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.