സ്വന്തം ലേഖകന്‍: പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി കൂടിക്കാഴ്ച നടത്താന്‍ തയാര്‍; ഇറാനുനേരെ സൗഹൃദഹസ്തം നീട്ടി ട്രംപ്. പ്രത്യേകിച്ച് അജണ്ടകള്‍ ഒന്നുമില്ലാതെ സൗഹൃദ സംഭാഷണത്തിന് തയറാണെന്നു ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗിസപ്പെ കോണ്ടിയുമായി നടത്തിയ സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.
ഇറാനുമായി ആണവക്കരാര്‍ പിന്മാറ്റത്തിന്റെ പേരിലുള്ള പോര് മുറുകുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇറാനുമായി കൂടിക്കാഴ്ച നടത്താന്‍ തയാറാണ്. അവര്‍ ആവശ്യപ്പെട്ടാല്‍ എപ്പോള്‍ വേണമെങ്കിലും നടത്താം. എന്നാല്‍ ഇറാന്‍ അതിന് തയാറാണോയെന്ന് അറിയില്ലെന്നും റൂഹാനിയുമായി കൂടിക്കാഴ്ചയ്ക്ക് തയാറാണോയെന്ന കോണ്ടിയുടെ ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു.
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, നാറ്റോ നേതാക്കള്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി. മികച്ച ഫലം സൃഷ്ടിക്കാനായാല്‍ ഇറാനുമായി കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹിക്കുന്നതായും ട്രംപ് പറഞ്ഞു.
ഇറാനുമായുള്ള ആണവകരാരില്‍ നിന്നു യുഎസിന്റെ പിന്മാറ്റം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലച്ചിരുന്നു. 2015ല്‍ ബറാക് ഒബാമയുടെ ശ്രമഫലമായി രൂപം കൊടുത്ത കരാറില്‍ (ജോയിന്റ് കോംപ്രഹെന്‍സിവ് പ്ലാന്‍ ഓഫ് ആക്ഷന്‍(ജെസിപിഒഎ) നിന്നാണു യുഎസ് പിന്മാറിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല