സ്വന്തം ലേഖകന്‍: പാകിസ്താനോടുള്ള ട്രംപിന്റെ കലിപ്പ് തീരുന്നില്ല; 166 കോടി ഡോളറിന്റെ സാമ്പത്തിക സഹായം പിന്‍വലിച്ചു. പാകിസ്താനുള്ള 166 കോടി ഡോളറിന്റെ സാമ്പത്തിക സഹായം അമേരിക്ക റദ്ദാക്കി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന് ഒളിച്ചു കഴിയുന്നതിന് പാകിസ്താന്‍ സഹായം ചെയ്തുകൊടുത്തുവെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് അമേരിക്കയുടെ പുതിയ നീക്കം.
പാകിസ്താന് നല്‍കിവരുന്ന പ്രതിരോധവുമായി ബന്ധപ്പെട്ട 166 കോടി ഡോളറിന്റെ സാമ്പത്തിക സഹായം റദ്ദാക്കിയതായി അമേരിക്കന്‍ പ്രതിരോധ വകുപ്പ് വക്താവ് കേണല്‍ റോബ് മാനിങ് മാധ്യമങ്ങളോട് വ്യക്തമാക്കി. അമേരിക്കയുടെ ഈ നടപടി സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഭീകരവാദത്തെ പാകിസ്താന്‍ സഹായിക്കുന്നതായുള്ള അമേരിക്കയുടെ ആശങ്ക സംബന്ധിച്ച് പാകിസ്താന്‍ ഗൗരവമായി യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അമേരിക്കയുടെ അഫ്ഗാനിസ്ഥാനിലെ മുന്‍ അസിസ്റ്റന്റ് പ്രതിരോധ സെക്രട്ടറി ഡേവിഡ് സിഡ്‌നി ആരോപിച്ചിരുന്നു. മാത്രമല്ല, അയല്‍ രാജ്യങ്ങളില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് പാകിസ്താന്‍ സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പാകിസ്താനിലെ അബോട്ടാബാദില്‍ ലാദന്‍ ഒളിച്ചു കഴിയുന്ന വിവരം പാകിസ്താന്‍ സര്‍ക്കാരിന് അറിയാമായിരുന്നെന്നും ലാദന് പാകിസ്താന്‍ സഹായം ചെയ്തുകോടുത്തിരുന്നെന്നും ട്രംപ് കഴിഞ്ഞി ദിവസം ആരോപിച്ചിരുന്നു. പാകിസ്താനുമായുള്ള കടുത്ത അതൃപ്തിയുടെ ഭാഗമായാണ് സാമ്പത്തിക സഹായം റദ്ദാക്കുന്ന അമേരിക്കയുടെ നടപടിയെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല