സ്വന്തം ലേഖകന്‍: ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിക്ക് മരണാനന്തര മാപ്പ് അനുവദിക്കുന്നത് പരിഗണനയിലെന്ന് ട്രംപ്; ഇല്ലാത്ത ശിക്ഷയ്ക്ക് എന്ത് മാപ്പെന്ന് ബന്ധുക്കള്‍. 1967 ല്‍ വിയറ്റ്‌നാം യുദ്ധകാലത്തു നിര്‍ബന്ധിത സൈനിക സേവനത്തിനു വിസമ്മതിച്ചതിന്റെ പേരില്‍ അലിക്ക് യുഎസ് കോടതി അഞ്ചു വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഈ ശിക്ഷ 1971 ല്‍ യുഎസ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു.
ഈ ശിക്ഷയാണ് ‘ഞാന്‍ മുഹമ്മദ് അലിയുടെ കാര്യം വളരെ ഗൗരവത്തോടെ ചിന്തിക്കുന്നുണ്ട്. ചിലര്‍ക്കു ലഭിച്ച ശിക്ഷകള്‍ നീതിക്കു നിരക്കുന്നതല്ല,’ എന്ന് വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ ട്രംപ് പരാമര്‍ശിച്ചത്. ട്രംപിന്റെ നിലപാടിനെ മാനിക്കുന്നുവെങ്കിലും മാപ്പുനല്‍കല്‍ അനാവശ്യമാണെന്ന് അലിയുടെ കുടുംബത്തിന്റെ അഭിഭാഷകന്‍ റോണ്‍ ട്വീല്‍ പ്രതികരിച്ചു.
47 വര്‍ഷം മുന്‍പ് യുഎസ് സുപ്രീം കോടതി ഏകകണ്ഠമായാണു ശിക്ഷ റദ്ദാക്കിയത്. ഇല്ലാത്ത ശിക്ഷയ്ക്കു മാപ്പു നല്‍കേണ്ട കാര്യമില്ല. യുഎസ് പ്രസിഡന്റിന്റെ സവിശേഷ അധികാരം പ്രയോഗിച്ച് ട്രംപ് ഇതിനകം ഒട്ടേറെപ്പേര്‍ക്കു മാപ്പു നല്‍കിയിട്ടുണ്ട്. അതില്‍ മിക്കതും വിവാദമാകുകയും ചെയ്തു. ‘മാപ്പുനല്‍കാനുള്ള അധികാരം മനോഹരമായ കാര്യമാണ്,’ എന്നാണ് ട്രംപ് ഇതേക്കുറിച്ച് പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല