സ്വന്തം ലേഖകന്‍: ഒബാമ കെയറിന് മരണമണി, ട്രംപ് സര്‍ക്കാരില്‍ ഒബാമ കെയറിന്റെ ചുമതല കടുത്ത ഒബാമ കെയര്‍ വിമര്‍ശകര്‍ക്ക്. യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ സ്വപ്ന പദ്ധതിയായിരുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഒബാമ കെയറിന്റെ കടുത്ത വിമര്‍ശകരെയാണ് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരോഗ്യ വകുപ്പിന്റെ തലപ്പത്ത് നിയമിച്ചിരിക്കുന്നത്.
യു.എസ് കോണ്‍ഗ്രസില്‍ ജോര്‍ജിയയില്‍നിന്നുള്ള അംഗമായ ടോം പ്രൈസിനെ ആരോഗ്യവകുപ്പ് സെക്രട്ടറിയായി നിയമിച്ച ട്രംപ്, ഇന്ത്യന്‍ വംശജയായ ഡോ. സീമ വര്‍മയെ ആരോഗ്യ വകുപ്പിന് കീഴിലെ പ്രധാന ഏജന്‍സിയായ മെഡികെയര്‍ ആന്‍ഡ് മെഡിക് എയ്ഡിന്റെ അഡ്മിനിസ്‌ട്രേറ്ററായും നിയമിച്ചു.
ഒബാമ കെയര്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനം നിറവേറ്റാനും എല്ലാ അമേരിക്കക്കാര്‍ക്കും താങ്ങാനാവുന്ന ആരോഗ്യപദ്ധതി കൊണ്ടുവരാനും കഴിവുള്ളവരെയാണ് നിയമിച്ചിരിക്കുന്നതെന്ന് ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു. പുതിയ തസ്തികയില്‍ നിയമിതനായതില്‍ അഭിമാനമുണ്ടെന്ന് സീമ വര്‍മ പറഞ്ഞു. ഇന്ത്യാനയിലെ സ്ട്രാറ്റജിക് ഹെല്‍ത് പോളിസി സൊലൂഷന്‍സ് എന്ന ആരോഗ്യ കണ്‍സള്‍ട്ടന്റ് സ്ഥാപനത്തിന്റെ ഉടമയാണ് സീമ വര്‍മ.
ഇന്ത്യാനയില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ഗവര്‍ണര്‍ മിച്ച് ഡാനിയേല്‍സിനു കീഴില്‍ പ്രവര്‍ത്തിച്ച അവര്‍, സംസ്ഥാനത്തിന് വേണ്ടി പ്രത്യേക ആരോഗ്യപദ്ധതി തയാറാക്കിയാണ് ശ്രദ്ധനേടിയത്. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ പൊതുജനാരോഗ്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അവര്‍, മാരിലാന്‍ഡ് സര്‍വകലാശാലയില്‍നിന്നും ജീവശാസ്ത്രത്തില്‍ ബിരുദം നേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല