സ്വന്തം ലേഖകന്‍: ഒബാമയുടെ നയങ്ങള്‍ക്കെതിരായ ട്രംപിന്റെ വെട്ടിനിരത്തല്‍ തുടരുന്നു, ഒബാമ നിയമിച്ച ഇന്ത്യന്‍ വംശജനായ അറ്റോര്‍ണിയെ പുറത്താക്കി. മാന്‍ഹട്ടനിലെ ഇന്ത്യന്‍ വംശജനായ അറ്റോര്‍ണി പ്രീത് ഭരാരയെയാണ് ഡോണള്‍ഡ് ട്രംപ് സര്‍ക്കാര്‍ പുറത്താക്കിയത്. മുന്‍ പ്രസിഡന്റ് ബറാക് ഒബാമ നിയമിച്ച 46 അറ്റോര്‍ണിമാരോടും സ്ഥാനമൊഴിയാന്‍ പുതിയ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിനു വിസമ്മതിച്ചതോടെയാണ് നാല്‍പ്പത്തിയെട്ടുകാരനായ ഭരാരയെ പുറത്താക്കിയത്.
ഒബാമയുടെ നയങ്ങള്‍ക്കെതിരെ ട്രംപിന്റെ നയമാണ് പുറത്താക്കലിന് പിന്നിലെന്നും സൂചനയുണ്ട്. അമേരിക്കന്‍ ഓഹരി വ്യപാരകേന്ദ്രമായ വാള്‍സ്ട്രീറ്റുമായി ബന്ധപ്പെട്ട തട്ടിപ്പുകളെക്കുറിച്ചുള്ള അന്വേഷണമാണ് ഭരാരെയ്ക്ക് ജനപ്രീതിയുണ്ടാക്കിയത്. ഇതിന്റെ ഭാഗമായി അദ്ദേഹം നിരവധി സാമ്പത്തിക ഭീമന്മാരുടെ കുറ്റവിചാരണ നടത്തിയിരുന്നു. തട്ടിപ്പുകാര്‍ക്കിടയില്‍നിന്ന് വന്‍തുക പിഴ ഈടാക്കുകയും ചെയ്തു.
2013ല്‍ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡയെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തപ്പോള്‍ ഭരാര ശക്തമായി പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് വിദേശ സെക്രട്ടറിയായിരുന്ന ജോണ്‍ കെറി സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. മുന്‍ സ്പീക്കര്‍ ഷെല്‍ഡല്‍ സില്‍വറിന് 12 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചതിന് പിന്നിലും ഭരാരെയുടെ നിയമപോരാട്ടമായിരുന്നു. പഞ്ചാബിലെ ഫിറോസ്പൂരില്‍ ജനിച്ച പ്രീത് ഭരാര തന്റെ ഇത്തരം അഴിമതി വിരുദ്ധ പോരാട്ടങ്ങളിലൂടെയാണ് യുഎസില്‍ അറിയപ്പെടുന്ന അറ്റോര്‍ണിയായത്.
പുറത്താക്കല്‍ വാര്‍ത്ത സ്ഥിരീകരിച്ച ഭരാരെ യുഎസ് അറ്റോര്‍ണിയായി സേവനം ചെയ്യാനായത് ജിവിതത്തിലെ അവിസ്മരണീയ അനുഭവമാണെന്നും പ്രതികരിച്ചു. എന്നാല്‍ ഭരണം മാറുമ്പോള്‍ ഇത്തരം മാറ്റം സ്വാഭാവികമാണെന്നാണ് ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റിന്റെ ന്യായീകരണം. അതേസമയം, ഭരാരയോട് അറ്റോര്‍ണി സ്ഥാനത്തു തുടരാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം നടത്തിയ കൂടിക്കാഴ്ചയിലും, തുടരാന്‍ ട്രംപ് ആവശ്യപ്പെട്ടതായി ഭരാരെ വ്യക്തമാക്കിയിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല