സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വത്തിലേക്ക് ഒരുപടി കൂടി അടുത്ത് ഡോണൾഡ് ട്രംപ്. റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള സൗത്ത് കരോളിന പ്രൈമറിയിലാണ് ട്രംപ് ജയം നേടിയത്. മുഖ്യ എതിരാളിയായ നിക്കി ഹാലെയുടെ സ്റ്റേറ്റിലെ വിജയം ട്രംപിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
സൗത്ത് കരോളിനയിലെ വിജയം 15 മിനിറ്റ് ആഘോഷിച്ച് വീണ്ടും ജോലിയിലേക്ക് തന്നെ മടങ്ങാമെന്ന് വിജയത്തിന് പിന്നാലെ ട്രംപ് പറഞ്ഞു. അടുത്ത പ്രൈമറിയിലെ വിജയം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്നും ട്രംപ് പറഞ്ഞു. ജോ ബൈഡനെ താൻ അധികാരത്തിൽ നിന്നും പുറത്താക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ട്രംപിനെതിരായ പോരാട്ടത്തിൽ താൻ ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന് നിക്കിഹാലെ പറഞ്ഞു. ഡോണൾഡ് ട്രംപിലും ജോ ബൈഡനിലും അമേരിക്കൻ ജനതക്ക് വിശ്വാസമില്ല. നമുക്ക് നവംബറിലെ തെരഞ്ഞെടുപ്പിൽ ബൈഡനെ തോൽപ്പിക്കണം. ട്രംപിന് ബൈഡനെ തോൽപ്പിക്കാനാവില്ല.
തെരഞ്ഞെടുപ്പ് ഫലം എന്തു തന്നെയായാലും സൗത്ത് കരോളിനയിലെ ജനങ്ങളെ താൻ സ്നേഹിക്കുന്നു. പ്രൈമറിയിലെ ജയത്തിൽ ട്രംപിനെ അഭിനന്ദിക്കുകയും ചെയ്യുകയാണെന്ന് നിക്കി ഹാലെ പറഞ്ഞു. ഇത് ഒന്നിന്റേയും അവസാനമല്ല. 16 സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന മാർച്ച് അഞ്ചാം തീയതിയിലാണ് തന്റെ പ്രതീക്ഷയെന്നും നിക്കി ഹാലെ കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല