സ്വന്തം ലേഖകന്‍: ട്രംപും പുടിനും തമ്മിലുള്ള ഹെല്‍സിങ്കി കൂടിക്കാഴ്ച വീണ്ടും നടത്തണമെന്ന് അഭിപ്രായ സര്‍വേയില്‍ അമേരിക്കക്കാര്‍. അമേരിക്കന്‍ ബാരോമീറ്റര്‍ സര്‍വേയിലാണ് ഇരുവരും തമ്മിലുള്ള ഹെല്‍സിങ്കി കൂടിക്കാഴ്ച പരാജയമായിരുന്നു എന്ന അഭിപ്രായത്തെ ശരിവയ്ക്കും വിധമുള്ള ഫലമുണ്ടായത്. ജൂലൈ 2122 തീയതികളിലായി നടത്തിയ ഓണ്‍ലൈന്‍ അഭിപ്രായ വോട്ടെടുപ്പില്‍ 54 ശതമാനം പേരാണ് ഇത്തരത്തില്‍ വീണ്ടും കൂടിക്കാഴ്ച നടത്തണമെന്ന് അഭിപ്രായപ്പെട്ടത്.
46 ശതമാനം പേര്‍ ഇതിനെ എതിര്‍ത്ത് രംഗത്തെത്തുകയും ചെയ്തു. 10,000 പേരെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. അതേസമയം ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് 61 ശതമാനം പേര്‍ അഭിപ്രായപ്പെടുകയുണ്ടായി. സിബിഎസ് ന്യൂസ് പോള്‍ നടത്തിയ മറ്റൊരു സര്‍വേയിലും ഇതിന് സമാനമായ അഭിപ്രായമാണ് ഉരുത്തിരിഞ്ഞത്.
പുടിനുമായുള്ള കൂടിക്കാഴ്ചയെ ട്രംപ് സമീപിച്ച രീതി ശരിയായില്ലെന്നും ട്രംപിനുമേല്‍ ആധിപത്യം സ്ഥാപിച്ചെടുക്കാന്‍ പുടിനായെന്നുമാണ് ഈ സര്‍വേയില്‍ പങ്കെടുത്തവരില്‍ 55 ശതമാനം പേരും അഭിപ്രായപ്പെട്ടത്. 32 ശതമാനം പേര്‍ മാത്രമാണ് ട്രംപിനെ എതിര്‍ക്കാതിരുന്നത്. നിരവധി പേര്‍ സിബിഎസ് സര്‍വേയില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് വിമുഖത പ്രകടിപ്പിക്കുകയും ചെയ്തു.
ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ അമേരിക്കന്‍ നിലപാടുകള്‍ പ്രകടിപ്പിക്കുന്നതിനോ അതിനെ ന്യായീകരിക്കുന്നതിനോ ട്രംപിന് സാധിച്ചില്ലെന്നും പുടിന്‍ ട്രംപിനു മേല്‍ അതിവേഗം ആധിപത്യം സ്ഥാപിച്ചെടുത്തെന്നും നേരത്തെ തന്നെ വിമര്‍ശമമുയര്‍ന്നിരുന്നു. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും അങ്ങനെ ഇടപെടാന്‍ റഷ്യയ്ക്കാകില്ലെന്നുമുള്ള ട്രംപിന്റെ വാക്കുകളും എതിരാളികള്‍ ആഘോഷമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല