സ്വന്തം ലേഖകൻ: യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേ ഒന്നിനു പിന്നാലെ ആരോപണങ്ങള്‍ ഉയര്‍ന്നു വരികയാണ്. തിരഞ്ഞെടുപ്പ് അടുക്കും തോറും തന്നെ വേട്ടയാടുകയാണ് എന്നാണ് ട്രംപിന്റെ പക്ഷം. എന്തായാലും ഒരു വശത്ത് ട്രംപ് ആയതിനാല്‍ തന്നെ കേസുകള്‍ക്ക് വലിയ മാധ്യമശ്രദ്ധയാണ് ലഭിക്കുന്നത്. ഏറ്റവുമൊടുവിൽ ട്രംപ് 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ബലാത്സംഗം ചെയ്തു എന്ന ആരോപണവുമായി എഴുത്തുകാരി ഇ. ജീനൻ കാരൽ ആണ് രംഗത്തു വന്നിരിക്കുന്നത്. മൻഹാറ്റൻ ഫെഡറല്‍ കോടതിയിലാണ് കേസ് നടക്കുന്നത്.
1995-ന്റെ അവസാനത്തിലോ 1996-ന്റെ തുടക്കത്തിലോ ബെര്‍ഗ്ഡോര്‍ഫ് ഗുഡ്മാന്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിലെ ഡ്രസിങ് റൂമില്‍ നടന്ന ബലാത്സംഗവുമായി ബന്ധപ്പെട്ടാണ് പരാതി. ന്യൂയോര്‍ക്കിലെ അഡള്‍ട്ട് സര്‍വൈവേഴ്സ് ആക്ട് പ്രകാരമാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കേസ് ഫയല്‍ ചെയ്യുന്നതിനുള്ള സമയകാലാവധി മറികടക്കാന്‍ ഈ നിയമം സഹായിക്കും. ചൊവ്വാഴ്ച ആരംഭിച്ച വിചാരണയില്‍ ട്രംപ് നേരിട്ട് ഹാജരാകില്ല.
ട്രംപിന്റെ അതിക്രമങ്ങള്‍ ഇപ്പോഴും അനുഭവിക്കാന്‍ കഴിയുന്നുണ്ടെന്നാണ് കരോള്‍ പ്രതികരിച്ചത്. ബലാത്സംഗം ചെയ്യപ്പെടുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ ട്രംപിനെ കണ്ടുമുട്ടിയിട്ടുണ്ട്. അന്ന് അദ്ദേഹത്തെ ‘വളരെ വ്യക്തിത്വമുള്ളവനും’ ‘നാടിനു ഗുണമുള്ളവനെ’ന്നുമാണ് കരുതിയിരുന്നതെന്നും അവര്‍ പറയുന്നു.
ബെര്‍ഗ്ഡോര്‍ഫിലെ ഷോപ്പിങ് സെന്ററില്‍ വച്ചാണ് ട്രംപിനെ സംഭവദിവസം കണ്ടുമുട്ടിയത്. താന്‍ ബില്‍ നൽകി ചെയ്തു കടയില്‍ നിന്ന് ഇറങ്ങുകയായിരുന്നു. അപ്പോഴാണ് ട്രംപ് തന്നെ തിരിച്ചറിഞ്ഞ് കൈ ഉയര്‍ത്തിയത്. താന്‍ അത്ഭുതത്തോടെ നിന്നു. ‘ഹേയ്, നിങ്ങളാണ് ആ അഡൈ്വൽ ലേഡി’ എന്നു ചോദിച്ചു ട്രംപ് സമീപത്തെത്തി- കരോള്‍ അനുസ്മരിച്ചു. എല്ലെ മാഗസിനിലെ അഡൈ്വസ് കോളം എഴുതുന്നത് താനാണെന്ന് തിരിച്ചറിഞ്ഞായിരുന്നു ട്രംപിന്റെ അഭിവാദനം. ‘ഹേയ്, നിങ്ങളാണ് ആ റിയല്‍ എസ്റ്റേറ്റ് വ്യവസായി’- എന്നു താനും തിരിച്ചു പറഞ്ഞു.
മറ്റൊരു സ്ത്രീക്ക് വേണ്ടി അടിവസ്ത്രങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു ട്രംപ്. കടയില്‍ നിന്ന് ഒരു അടിവസ്ത്രം എടുത്തു നല്‍കിയ ട്രംപ് അത് ഇട്ടു നോക്കാന്‍ തന്നോട് ആവശ്യപ്പെട്ടു. ട്രംപ് അത് അണിഞ്ഞു നോക്കാന്‍ താനും തമാശ രൂപേണ ആവശ്യപ്പെട്ടതായും കാരൽ പറഞ്ഞു. പിന്നെ അപ്രതീക്ഷിതമായിരുന്നു ട്രംപിന്റെ നീക്കങ്ങള്‍.
അയാള്‍ കരോളിനെ തുറന്നു കിടന്ന ഡ്രസിങ് റൂമിലേക്ക് കയറ്റി, വാതിലടച്ച്, ഭിത്തിയിലേക്ക് തള്ളിയിട്ടു. തുടര്‍ന്ന് ടൈറ്റ്‌സ് വലിച്ചു താഴേക്ക് ഇറക്കി- ഇതു വിവരിക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണീര്‍ ഒഴുകി. തുടർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും അവർ പറഞ്ഞു. ഇന്നും അന്നത്തെ വേദനകള്‍ താന്‍ അനുഭവിച്ചു വരികയാണെന്നും കാരൽ പറയുന്നു. അതിനുശേഷം സാധാരണ ജീവിതം നയിക്കാന്‍ തനിക്കു കഴിഞ്ഞിട്ടില്ലെന്നും അവര്‍ പറയുന്നു.
ട്രംപിനെ തടയാന്‍ ശ്രമിച്ചോ എന്ന അഭിഭാഷകന്റെ ചോദ്യത്തിന് ഓര്‍മയില്ല എന്നാണ് അവര്‍ ഉത്തരം നല്‍കിയത്. ‘നോ’ എന്നു പറഞ്ഞു കാണും എന്നും അവര്‍ പറയുന്നു. സംഭവത്തിന് താന്‍ തന്നെ സ്വയം കുറ്റപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടം തനിക്കു മാത്രമായിരിക്കും എന്നു കരുതിയുമാണ് അക്കാലത്ത് ഇതേക്കുറിച്ച് പറയാതിരുന്നതെന്നും കരോള്‍ വ്യക്തമാക്കുന്നു.
‘മീടു’ വെളിപ്പെടുത്തലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കരോള്‍ 2019-ല്‍ ഇതേക്കുറിച്ച് ആദ്യമായി പ്രതികരിക്കുന്നത്. എന്നാല്‍, തന്റെ രാഷ്ട്രീയത്തോടുള്ള എതിര്‍പ്പ് മൂലമാണ് കരോള്‍ ഇത്തരമാരു ആരോപണം ഉന്നയിക്കുന്നതെന്നാണ് ട്രംപിന്റെ നിലപാട്. ഇത് കാരൽ നിഷേധിച്ചു. ‘ഞാന്‍ ഒരു രാഷ്ട്രീയ പ്രതികാരം തീര്‍ക്കുന്നല്ല.’ – കാരൽ പറഞ്ഞു.
ട്രംപിന്റെ ആക്രമണങ്ങള്‍ ‘എല്ലെ’യില്‍ നിന്ന് പുറത്താകാന്‍ കാരണമായി. അങ്ങനെ എനിക്ക് 8 മില്യണ്‍ വായനക്കാരെ നഷ്ടപ്പെട്ടു. മറ്റുള്ളവര്‍ക്ക് മുന്നില്‍ താന്‍ നുണ പറയുന്നവളായി. നിശബ്ദത അവസാനിപ്പിച്ചതില്‍ ഖേദമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ കാരൽ പൊട്ടിക്കരഞ്ഞു. ‘ഞാന്‍ ഇതില്‍ 100 തവണ ഖേദിച്ചു,’ അവള്‍ പറഞ്ഞു, ‘അവസാനം കോടതിയില്‍ എന്റെ ദിവസം നേടാനായതില്‍ ആഹ്‌ളാദമുണ്ട്.’ – അവര്‍ പ്രതികരിച്ചു. എന്നാണ് ബലാത്സംഗം നടന്നതെന്ന് പോലും ഓര്‍മിക്കാത്തതിന്റെ കാരണം ഉള്‍പ്പെടെ ട്രംപിന്റെ അഭിഭാഷകര്‍ അവരെ വിസ്തരിക്കും.
വിസ്താരം തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് ട്രംപ് ഇക്കാര്യത്തെക്കുറിച്ച് തന്റെ ഏറ്റവും പുതിയ അഭിപ്രായങ്ങള്‍ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തത്. ആര്‍ക്കെങ്കിലും എങ്ങനെ വിശ്വസിക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു – ‘വളരെ അറിയപ്പെടുന്ന ആളായ താന്‍ പരസ്യമായി കരോളിനെ ബാലാത്സംഗം ചെയ്യുന്നത് എങ്ങനെ എന്ന ചോദ്യമാണ് ട്രംപ് ഉന്നയിക്കുന്നത്. ‘അവള്‍ നിലവിളിച്ചില്ലേ?’ ‘സാക്ഷികള്‍ ഇല്ലേ? ഇത് ആരും കണ്ടില്ലേ?’- ട്രംപ് കുറിപ്പില്‍ ചോദിക്കുന്നു.
എന്നാല്‍, കോടതിയിലിരിക്കുന്ന ഒരു വിഷയത്തെക്കുറിച്ച് പോസ്റ്റ് ഇടുന്നത് ഗുരുതരമായ ഭവിഷ്യത്ത് സൃഷ്ടിക്കും എന്ന് ട്രംപിന്റെ അഭിഭാഷക സംഘത്തോട് കോടതി മുന്നറിയിപ്പ് നല്‍കി. അതേസമയം, കേസുമായി ട്രംപിന്റെ മകന്‍ എറിക് പുതിയൊരു ആരോപണവുമായി രംഗത്തു വന്നിട്ടുണ്ട്. ഡെമോക്രാറ്റ് ഫണ്ടറും ലിങ്കഡ്ഇന്‍ സഹസ്ഥാപകനുമായ റിഡ് ഹോഫ്മാനാണ് കാരലിന്റെ കേസിന് സാമ്പത്തിക സഹായം നല്‍കുന്നതെന്നാണ് എറിക് ആരോപിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല