സ്വന്തം ലേഖകന്‍: വൈറ്റ് ഹൗസിലെ സുപ്രധാന സ്ഥാനങ്ങളില്‍ വീണ്ടും പ്രസിഡന്റ് ട്രംപിന്റെ പകിടകളി, ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്തുനിന്ന് റീന്‍സ് പ്രീബസിനെ തെറിപ്പിച്ചു. ജനറല്‍ ജോണ്‍ കെല്ലിയെ പുതിയ ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് പ്രീബസിനെ മാറ്റിയകാര്യം ട്രംപ് അറിയിച്ചത്.
അടുത്തിടെ പുതിയ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ സ്ഥാനത്തേക്ക് ആന്റണി സ്‌കരാമൂചിനെ നിയമിച്ചതിനെതിരേ പ്രീബസ് രംഗത്തെത്തിയിരുന്നു. ഇതാണ് പ്രീബസിനെ നീക്കാന്‍ കാരണമായതെന്നാണ് സൂചന. ആന്റണിയെ നിയമിച്ചതില്‍ പ്രതിഷേധിച്ച് വൈറ്റ്‌ഹൈസ് പ്രസ് സെക്രട്ടറിയും കമ്യൂണിക്കേഷന്‍ ഡയറക്ടറുമായ ഷോണ്‍ സ്‌പൈസര്‍ കഴിഞ്ഞയാഴ്ച രാജിവച്ചിരുന്നു.
പുതിയ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി നിയമിതനായ ജോണ്‍ കെല്ലി ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ സെക്രട്ടറിയായിരുന്നു. യുഎസ് മറൈന്‍ ഫോഴ്‌സിന്റെ ജനറലായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈറ്റ് ഹൗസിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ അച്ചടക്കം കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ നടപടിയെന്നാണ് വൈറ്റ് ഹൗസ് നിലപാട്. ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തിയത് മുതല്‍ റൈന്‍സ് പ്രിബസിയായിരുന്നു ചീഫ് ഓഫ് സ്റ്റാഫ്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ ചെയര്‍മാനായിരുന്നു അദ്ദേഹം. എന്നാല്‍, ട്രംപിന്റെ അനുയായികളുടെ പിന്തുണ നേടാന്‍ റൈന്‍സിന് സാധിച്ചിരുന്നില്ല.
വൈറ്റ് ഹൗസില്‍ നിന്ന് വാര്‍ത്തകള്‍ ചോരുന്നതും മുന്‍ പ്രസിഡന്റ് ബറാക് ഒബാമ നടപ്പാക്കിയ ഒബാമ കെയര്‍ പദ്ധതി നിര്‍ത്തലാക്കാനുള്ള ശ്രമം പരാജയപ്പെട്ടതും ട്രംപിന് വലിയ തിരിച്ചടിയായതിനാല്‍ മുഖം രക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നിയമനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല