സ്വന്തം ലേഖകന്‍: നിയമനം നല്‍കി പത്തു ദിവസം തികയും മുമ്പ് വൈറ്റ് ഹൗസ് മാധ്യമ ഉപദേഷ്ടാവിനെ പുറത്താക്കി ട്രംപ്. വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം തലവന്‍ ആന്റണി സ്‌കാരമൂച്ചിയെയാണ് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അപ്രതീക്ഷതമായി പുറത്താക്കിയത്. വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടത്തിയ മോശം പരാമര്‍ശങ്ങളെ തുടര്‍ന്നാണ് നടപടി. പുതിയ ചീഫ് ഓഫ് സ്റ്റാഫ് ആയി ജോണ്‍ കെല്ലി ചുമതലയേറ്റ ഉടനെയാണ് പുറത്താക്കല്‍.
ന്യൂയോര്‍ക്കിലെ ഫിനാന്‍ഷ്യറും ദീര്‍ഘകാലമായി ഡൊണാള്‍ഡ് ട്രംപിനെ പിന്തുണക്കുന്ന വ്യക്തിയുമാണ് സ്‌കാരമോച്ചി. എന്നാല്‍ പ്രസിഡന്റ് മാത്രമാണ് തന്റെ ചിഫ് എന്ന സ്‌കാരമോച്ചിയുടെ നിലപാട് മറ്റ് ജീവനക്കാര്‍ക്ക് അസ്വസ്ഥതയുണ്ടാക്കിയിരുന്നു. അതിനിടെ, ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതും ജീവനക്കാരുടെ അനിഷ്ടത്തിനിടയാക്കി.
വിവാദ നായകനായതോടെ സ്‌കാരമോച്ചിയുടെ ഭാവിയെക്കുറിച്ച് ട്രംപ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരോട് അഭിപ്രായം അന്വേഷിക്കുകയും അത് പുറത്തേക്കുള്ള വഴി തെളിക്കുകയുമായിരുന്നു. നേരത്തെ, ആന്റണി സ്‌കാരാമോച്ചിയെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായി നിയമിച്ചതില്‍ പ്രതിഷേധിച്ച് വൈറ്റ് ഹൗസ് വക്താവും യു.എസ് പ്രസ് സെക്രട്ടറിയുമായിരുന്ന സീന്‍ സ്‌പൈസര്‍ രാജി വെച്ചിരുന്നു. സ്‌കാരമോച്ചിയുടെ നിയമനം ഭീമാബദ്ധമാണ് എന്നായിരുന്നു സ്‌പൈസറുടെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല