സ്വന്തം ലേഖകന്‍: ട്രംപിന്റെ നിലപാടുകള്‍ക്ക് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് യൂറോപ്പിലെ തീവ്ര വലതുപക്ഷം, ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളില്‍ ചേരിതിരിവ് ശക്തമാകുന്നു. മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കില്‍ ലോകം മുഴുവന്‍ പ്രതിഷേധം ആളിക്കത്തുമ്പോള്‍ യൂറോപ്പിലെ തീവ്ര വലതുപക്ഷം യു.എസ് പ്രസിഡന്റിന്റെ നടപടിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
യൂറോപ്പില്‍ അടുത്തകാലത്തായി കരുത്താര്‍ജിച്ചുവരുന്ന വിവിധ വലതുപക്ഷ കക്ഷികള്‍ ട്രംപിന്റെ നടപടിയെ സ്വാഗതം ചെയ്തു. ബ്രിട്ടനില്‍ ബ്രെക്‌സിറ്റ് പ്രചാരണത്തിന് നേതൃത്വം നല്‍കിയ യു.കെ.ഐ.പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ട്രംപിന്റെ തീരുമാനത്തെ ധീരമായ നടപടി എന്നാണ് വിശേഷിപ്പിച്ചത്.
അമേരിക്കന്‍ മാതൃകയില്‍ ബ്രിട്ടനിലും പ്രവേശന നിരോധനം ഏര്‍പ്പെടുത്തണമെന്നും യു.കെ.ഐ.പിയുടെ മുന്‍ നേതാവ് നിഗര്‍ ഫറാഷ് പറഞ്ഞു. 2011ല്‍തന്നെ ഒബാമ ഇത്തരത്തിലൊരു നീക്കം നടത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം ബി.ബി.സിക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. പോളണ്ടിലെ ഭരണകക്ഷിയായ ലോ ആന്‍ഡ് ജസ്റ്റിസും ട്രംപിന് പിന്തുണ അറിയിച്ചു.
ഒരു പ്രസിഡന്റ് എന്ന നിലയില്‍ ട്രംപിന് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ അവകാശമുണ്ടെന്ന് പാര്‍ട്ടി നേതാവും പോളിഷ് വിദേശകാര്യ മന്ത്രിയുമായ വിതോല്‍ഡ് വാഷിസ്‌കോവ്‌സ്‌കി പറഞ്ഞു.
നെതര്‍ലന്‍ഡ്‌സിലെ പാര്‍ട്ടി ഫോര്‍ ഫ്രീഡം നേതാവ് ഗീര്‍ട്ട് വില്‍ഡേഴ്‌സും സമാന പ്രസ്താവനയുമായി രംഗത്തത്തെി. മുസ്ലിംകളെ ഒഴിവാക്കുകയാണ് സുരക്ഷിത ജീവിതത്തിനുള്ള ഏക പോംവഴി.
സൗദി ഉള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ട്രംപ് ഈ നയം തുടരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ജര്‍മനിയിലെ നാഷനല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, ഇറ്റലിയിലെ നോര്‍ത്തേണ്‍ ലീഗ് തുടങ്ങിയ കക്ഷികളും ട്രംപിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നര ദശാബ്ദത്തിനിടെ യൂറോപ്പില്‍ വളര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന തീവ്ര വലതുപക്ഷത്തിന്റെ ഏറെ നാളായുള്ള ആവശ്യങ്ങളാണ് ട്രംപ് നടപ്പിലാക്കുന്നത് എന്നതാണ് ഈ കക്ഷികള്‍ക്ക് ട്രംപിനെ പ്രിയങ്കരനാക്കുന്നത്.
യൂറോപ്പില്‍ കുടിയേറ്റത്തിനെതിരെ കടുത്ത പ്രചാരണം നടത്തുന്ന ഈ കക്ഷികള്‍ അടുത്തിടെ നടന്ന പല തെരഞ്ഞെടുപ്പുകളും നിരീക്ഷകരെ ഞെട്ടിക്കുന്ന നേട്ടം കൊയ്തിരുന്നു. ഭയം, ഗൃഹാതുര സ്മരണ, വരേണ്യതയുടെ ഇടിച്ചില്‍ തുടങ്ങിയ ആശയങ്ങള്‍ സമര്‍ഥമായി ഉപയോഗിച്ച് വലതുപക്ഷം അവരുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതായാണ് തെരഞ്ഞെടുപ്പു ഫലങ്ങള്‍ കാണിക്കുന്നത്.
സ്വവര്‍ഗാനുരാഗികള്‍ക്കും സ്ത്രീകള്‍ക്കും സാമൂഹിക സമത്വം, സെമിറ്റിക് വിരുദ്ധതയില്‍നിന്നും ജൂതര്‍ക്ക് സംരക്ഷണം എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗക്കാരേയും ആകര്‍ഷിക്കുന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്ന തീവ്ര വലതുപക്ഷം മുസ്‌ളിം കുടിയേറ്റമാണ് യൂറോപ്പിനു മുന്നിലുള്ള പ്രധാന ഭീഷണിയെന്ന് സ്ഥാപിക്കുന്നു. വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇസ്‌ളാം ഭീതി മുതലെടുത്ത്, തങ്ങളാണ് പശ്ചാത്യ സ്വത്വത്തിന്റെയും ഉദാര മൂല്യങ്ങളുടെയും വക്താക്കളെന്ന് സ്ഥാപിക്കാനും അവര്‍ക്കു കഴിയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല